(www.kl14onlinenews.com)
(13-May-2024)
വോട്ട് ചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖാവരണം ഉയർത്തി ബി.ജെ.പി സ്ഥാനാർഥിയുടെ പരിശോധന; ചട്ടലംഘനമെന്ന് വിമർശനം
ഹൈദരാബാദ്: നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാർഥി മാധവി ലത. പോളിങ് ബൂത്തിൽ മാധവി സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമർശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാൾ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.
ഹൈദരാബാദിൽ എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്‌റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയൽ രേഖ വാങ്ങിയ ശേഷം ബുർഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.
പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവർ കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വിഡിയോയിൽ ആവശ്യപ്പെടുന്നത്.
ഹൈദരാബാദ് ഉൾപ്പെടെ തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷം മുൻപുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്‌സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവർത്തകരെ ഉണർത്തി.
പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങൾക്കിടെ അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പള്ളി പൂർണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാർഥിയുടെ പ്രകോപനപരമായ നടപടി.
സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.
ഐ.പി.സി 295(എ), ജനപ്രാതിനിധ്യ നിയമത്തിലെ 125 തുടങ്ങിയ വകുപ്പുകളാണ് മാധവി ലതയ്ക്കെതിരെ ചുമത്തിയത്. വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങൾ കൊണ്ടും ബോധപൂർവം ഒരു മതവിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയത്.
إرسال تعليق