(www.kl14onlinenews.com)
(15-May-2024)
തിരുവനന്തപുരം: വിദേശത്ത് സ്വകാര്യ സന്ദർശനത്തിലുള്ള മുഖ്യമന്ത്രിയുടെ മുൻനിശ്ചയിച്ച യാത്രാ ഷെഡ്യൂളുകളിൽ മാറ്റം. യാത്രയിൽ മാറ്റം വരുത്തിയ മുഖ്യമന്ത്രി തന്റെ സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കിക്കൊണ്ട് ഇന്ന് രാവിലെ ദുബായിലെത്തി. നേരത്തെ രണ്ട് ദിവസം കൂടി സിംഗപ്പൂരിൽ തുടരുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. അവിടെ നിന്നും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെ ദുബായിലെത്തിയാണ് അദ്ദേഹം മന്ത്രിസഭാ യോഗത്തിന് ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചത്.
യാത്രയിൽ രണ്ട് ദിവസത്തെ വെട്ടിച്ചുരുക്കൽ നടത്തിയ മുഖ്യമന്ത്രി സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച്ച കേരളത്തിലേക്ക് മടങ്ങിയെത്തും. നേരത്തെ 22 ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന തരത്തിലായിരുന്നു യാത്രാ ക്രമീകരണങ്ങൾ. അത സമയം എന്തുകൊണ്ടാണ് യാത്ര വെട്ടിച്ചുരുക്കിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദേശ യാത്ര രണ്ട് ദിവസത്തേക്ക് വെട്ടിച്ചുരുക്കി താൻ 20 ന് സംസ്ഥാത്തെത്തുമെന്ന് മാത്രമാണ് മന്ത്രിസഭാ യോഗത്തെ മുഖ്യമന്ത്രി അറിയിച്ചത്.
അതേ സമയം നിയമസഭ സമ്മേളനം ചേരുന്ന തീയ്യതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരാൻ നിശ്ചയിച്ചിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളന തീയതി സംബന്ധിച്ച തീരുമാമമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് പ്രതിപക്ഷം വിമർശനം തുടരുമ്പോഴാണ് യാത്രയിൽ മാറ്റം വരുത്തി തിങ്കളാഴ്ച്ച പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്
Post a Comment