സിദ്ധാർത്ഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

(www.kl14onlinenews.com)
(31-May-2024)

സിദ്ധാർത്ഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്റിനറി സർവ്വകലാശാലാ ഹോസ്റ്റലിൽ ക്രൂരമർദ്ധനത്തിന് ഇരയായതിനെ തുടർന്ന് സിദ്ധാർത്ഥൻ മരിച്ച കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം. 19 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന സിബിഎയുടെ എതിർവാദത്തെ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് സി.എസ് ഡയസ് പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, പാസ്പോർട് വിചാരണക്കോടതിയിൽ സമർപ്പിക്കണം എന്നിങ്ങനെ കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സിബിഐയുടേയും സിദ്ധാർത്ഥന്റെ മാതാവിന്റേയും എതിർപ്പ് തള്ളിയാണ് ജാമ്യം. റാഗിംഗ്, ഗൂഡാലോചന, ആത്മഹത്യാ പ്രേരണ, മർദനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സിദ്ധാര്‍ത്ഥനെതിരെ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ക്രൂരമായ ശാരീരിക ആക്രമണവും അപമാനവുമാണ് സിദ്ധാർത്ഥന് പ്രതികളിൽ നിന്നും നേരിടേണ്ടി വന്നത്. ബെല്‍റ്റും കേബിളും കൊണ്ട് സിദ്ധാര്‍ത്ഥനെ പ്രതികള്‍ ആക്രമിച്ചു.രണ്ടു ദിവസം നഗ്നനാക്കി മർദിച്ചുവെന്നും അടിവസ്ത്രത്തില്‍ നിര്‍ത്തി അപമാനിച്ചുവെന്നും കോടതിയിൽ സമ്ർപ്പിച്ച കുറ്റപത്രത്തിൽ വ്യാക്തമാക്കിയിരുന്നു.

വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനവും ആൾക്കൂട്ട വിചാരണയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14 മുതൽ 18 വരെയുള്ള നാല് ദിവസങ്ങളിലായി സിദ്ധാർത്ഥന് അതിക്രൂരമായ റാഗിങാണ് നേരിടേണ്ടി വന്നതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥിയുടെ മൊഴിയടക്കം പുറത്തുവന്നിരുന്നു.

ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയായിരുന്നു റാഗിങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഢനം. രണ്ട് ബെൽറ്റുകൾ നശിക്കുന്നതുവരെ അവ ഉപയോഗിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സിദ്ധാർത്ഥനെതിരെയുള്ള അതിക്രമം തുടങ്ങിയതെന്നായിരുന്നു വിവരം. പിറ്റേ ദിവസം രാവിലെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാർത്ഥിയെ പോയ വഴിയിൽ നിന്നും തിരികെ വിളിച്ചു വരുത്തിയാണ് ക്രൂരമായ പീഢനങ്ങൾക്ക് ഇരയാക്കിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് ഉച്ചയോടെ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സഹപാഠികൾ കണ്ടെത്തിയത്.

Post a Comment

Previous Post Next Post