കനത്ത മഴ; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

(www.kl14onlinenews.com)
(02-May-2024)

കനത്ത മഴ; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

അബദാബി :
യുഎഇയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും ഇടിമിന്നലും. ദുബായില്‍ രാവിലെ മഴ കുറഞ്ഞെങ്കിലും മറ്റുപലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെയാണ് ദുബായിലും അബുദാബിയിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്. മോശം കാലാവസ്ഥ കാരണം എമിറേറ്റ്സിന്റേതുള്‍പ്പെടെ പല വിമാനസര്‍വീസുകളും വൈകുകയോ തടസപ്പെടുകയോ ചെയ്തു. ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥ നേരിടാന്‍ യുഎഇ സര്‍ക്കാരും ഏജന്‍സികളും വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഈമാസം ആദ്യം വെള്ളപ്പൊക്കത്തിനിടയാക്കിയ തോതില്‍ മഴ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ജബല്‍ അലി, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ജുമൈറ വില്ലേജ് ട്രയാംഗിള്‍ തുടങ്ങിയ മേഖലകളില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ കനത്ത കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. നാലരയോടെ മഴയുടെ കാഠിന്യം കുറഞ്ഞു. മഴമേഘങ്ങള്‍ വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് നിര്‍ദേശം. അവശ്യസേവനങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ ഒഴികെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വെള്ളം കുത്തിയൊഴുകിയെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ റോഡുകള്‍ അടച്ചു. വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലും ഡാമുകളുടെ സമീപത്തും പ്രവേശനം അനുവദിക്കില്ല.

മുന്‍കരുതലെന്ന നിലയില്‍ ദുബായ് മുനിസിപ്പാലിറ്റി ബീച്ചുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുറസായ മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍.

ദുബായ് പൊലീസ് (എമര്‍ജന്‍സി) - 999
ദുബായ് പൊലീസ് (നോണ്‍ എമര്‍ജന്‍സി) - 901
സിവില്‍ ഡിഫന്‍സ് – 997
ദുബായ് ആംബുലന്‍സ് – 998
ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി – 991
ദുബായ് ഹെല്‍ത്ത് – 80060
ദുബായ് മുനിസിപ്പാലിറ്റി – 800900
റോഡ്സ് & ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി - 8009090

വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍

ദുബായ് : യുഎഇയിലെ കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍

ഇകെ 123/124 - ദുബൈ-ഇസ്താംബുള്‍

ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബര്‍ഗ്
ഇകെ 719/720- ദുബൈ- നയ്റോബി

ഇകെ 921/922- ദുബൈ- കെയ്റോ

ഇകെ 903/904-ദുബൈ- അമ്മാന്‍

ഇകെ 352/353- ദുബൈ- സിംഗപ്പൂര്‍ (മെയ് മൂന്നിന് പുറപ്പെടുന്ന ഇകെ 353 വിമാനം)

അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍റുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എല്ലാ റീബുക്കിങ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കള്‍ മോശം കാലാവസ്ഥ പരിഗണിച്ച് കുറച്ച് അധികം സമയം കണക്കാക്കി ഇറങ്ങണമെന്ന് ഫ്ലൈദുബൈയും അറിയിച്ചു. ഫ്ലൈ ദുബൈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം.

അതേസമയം മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

"മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ്g ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം" - ദുബൈ എയ‍ർപോർട്ട്സ് വക്താവ് അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Post a Comment

Previous Post Next Post