(www.kl14onlinenews.com)
(O1-May-2024)
അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സഞ്ജു സന്തോഷം പ്രകടിപ്പിച്ചത്.
"വിയര്‍പ്പു തുന്നിയിട്ട കുപ്പായം..." എന്ന ഹിറ്റ് ഗാനത്തിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള സ്വന്തം ഫോട്ടോയും സഞ്ജു പങ്കുവച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസാ പ്രവാഹം.
രാഷ്ട്രീയ, സിനിമാ, സ്പോർട്സ് മേഖലകളിലുള്ള നിരവധി പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും താരത്തെ പുകഴ്ത്തുന്ന പോസ്റ്റുകളും പങ്കുവയ്ക്കുന്നത്.
ചൊവ്വാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് മലയാളി താരം സഞ്ജു സ്ഥാനം പിടിച്ചത്.
അവസാന നിമിഷം വരെ സസ്പെന്‍സ് നിറച്ചാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിനൊപ്പം കെ എല്‍ രാഹുലാകും ലോകകപ്പ് ടീമിലെത്തുക തുടങ്ങിയ അഭ്യൂഹങ്ങളെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയാണ് സഞ്ജു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലെത്തിയത്.
ഒറ്റ രാത്രിയിൽ മാറിമറിഞ്ഞതല്ല; മികവിന്റെ പുതിയ തലങ്ങളിൽ സഞ്ജു സാംസൺ
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്. 2013ലെ ഐപിഎല്ലിലൂടെയാണ് സഞ്ജു ക്രിക്കറ്റ് ലോകത്തേയ്ക്ക് കടന്നുവരുന്നത്. രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിലും നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു.
പത്ത് വർഷമായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു നടത്തുന്ന പ്രകടനത്തില്‍ ബിസിസിഐ സന്തുഷ്ടരായിരുന്നില്ല. 2015ല്‍ ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു ആദ്യമായി കളിച്ചു. എന്നാൽ എട്ട് വർഷം പിന്നിടുമ്പോഴും 25 ട്വന്റി 20യിലും 16 ഏകദിനങ്ങളും മാത്രമാണ് മലയാളി താരം കളിച്ചിട്ടുള്ളത്. സ്ഥിരതയില്ലായ്മയാണ് ബിസിസിഐ പ്രശ്നമായി പറഞ്ഞത്. എങ്കിലും ഇക്കാലയളവിൽ രാജസ്ഥാൻ റോയൽസിൽ സ്ഥിരസാന്നിധ്യമായി സഞ്ജു മാറി.
ഇത്തവണ ഐപിഎൽ തുടങ്ങിയപ്പോൾ മുതൽ അത്ഭുതം സൃഷ്ടിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ബാറ്ററായി മാത്രമല്ല, നായകനായും വിക്കറ്റ് കീപ്പറായുമെല്ലാം പക്വതയാർന്ന ഒരു സഞ്ജുവിനെ ഗ്രൗണ്ടിൽ കണ്ടു. ആക്രമണ ബാറ്റിംഗ് വേണ്ടപ്പോൾ വെടിക്കെട്ട് നടത്തും. ടീം തകർച്ച നേരിടുമ്പോൾ ക്ഷമയോടെ കളിക്കും. സഞ്ജുവിന്റെ ഈ പ്രകടനമികവ് ഒറ്റരാത്രിയിൽ മാറിമറിഞ്ഞതല്ല.
കഴിഞ്ഞ എട്ട് മാസമായി സഞ്ജു കഠിനാദ്ധ്വാനം നടത്തുന്നതായി താരത്തിന്റെ പരിശീലകൻ എൻ ബിജുമോൻ പറയുന്നു. ട്വന്റി 20 ലോകകപ്പിൽ ടീമിലെത്തണമെന്ന് സഞ്ജുവിന് നിശ്ചയദാർഢ്യമുണ്ടായിരുന്നു. അതിനായി ഐപിഎൽ നിർണായകമെന്ന് താരത്തിന് അറിയാമായിരുന്നു. ക്രീസിലെത്തുമ്പോൾ മാനസിക സമ്മർദ്ദം കുറയ്ക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ സഞ്ജു നടത്തി. ഇത് താരത്തിന്റെ ബാറ്റിംഗിലും പ്രതിഫലിച്ചതായി ബിജുമോൻ വ്യക്തമാക്കുന്നു.
ബാറ്റിംഗിലും ചില മാറ്റങ്ങൾ വരുത്തി. കരിയറിൽ എപ്പോഴാണെങ്കിലും പേസർമാരെ നേരിടുന്നതിൽ താരം ബുദ്ധിമുട്ട് നേരിട്ടിട്ടില്ല. സ്പിന്നർമാരെ നേരിടുന്നതിലുള്ള പ്രശ്നങ്ങളും സഞ്ജു പരിഹരിച്ചു. ആഭ്യന്തര ക്രിക്കറ്റിനിടയിലും ഐപിഎല്ലിനിടയിലും നിരന്തരമായ ബാറ്റിംഗ് പരിശീലനം താരം നടത്തിക്കൊണ്ടിരുന്നു. ഇനി മുന്നിലുള്ളത് ഒരു വലിയ ലക്ഷ്യമാണ്. ഐപിഎല്ലിലും പിന്നാലെ ട്വന്റി 20 ലോകകപ്പിലും കപ്പുയർത്തുക
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.
ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.
Post a Comment