ധ്യാനത്തിലിരുന്നാലോ ഗംഗയിൽ കുളിച്ചാലോ അറിവ് ലഭിക്കണമെന്നില്ല; മോദിക്കെതിരെ ഖാർഗെ

(www.kl14onlinenews.com)
(30-May-2024)

ധ്യാനത്തിലിരുന്നാലോ ഗംഗയിൽ കുളിച്ചാലോ അറിവ് ലഭിക്കണമെന്നില്ല; മോദിക്കെതിരെ ഖാർഗെ
ഡൽഹി: മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോകം അറിഞ്ഞത് റിച്ചാർഡ് ആറ്റൻബറോയുടെ സിനിമയ്ക്ക് ശേഷമാണെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഗാന്ധിയെ കുറിച്ചറിയാൻ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മഹാത്മജിയുടെ ആത്മകഥ വായിക്കാൻ ഖാർഗെ പ്രധാനമന്ത്രിക്ക് നിർദ്ദേശം നൽകി. വിവേകാനന്ദ പാറയിൽ ധ്യാനത്തിലിരുന്നാലോ ഗംഗയിൽ കുളിച്ചാലോ അറിവ് ലഭിക്കണമെന്നില്ലെന്നും അതിന് ചരിത്രം പഠിക്കണമെന്നും ഖാർഗെ തുറന്നടിച്ചു.

"റിച്ചാർഡ് ആറ്റൻബറോയുടെ സിനിമ കണ്ടതിന് ശേഷമാണ് മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിഞ്ഞതെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞു. എനിക്കത് രസകരമാണെന്ന് തോന്നുന്നു. ഒരു സിനിമ കണ്ടിട്ടാണ് ഗാന്ധിയെ ലോകം പരിചയപ്പെട്ടതെന്ന് പറയുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അത് അറിവില്ലായ്മയാണോ അതോ ഗാന്ധിയെ കുറിച്ച് പഠിക്കാഞ്ഞിട്ടാണോ എന്നറിയില്ല. ഞങ്ങളുടെ കാലത്ത് സ്‌കൂളിൽ ടെക്‌സ്‌റ്റുകളുണ്ടായിരുന്നു, അതൊക്കെ വായിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നു. മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തിന് മുഴുവൻ അറിയാം. യുഎൻഒയുടെ (യുണൈറ്റഡ് നേഷൻ ഓഫീസ്) മുന്നിൽ പ്രതിമകളുണ്ട്. പല നേതാക്കളും മഹാത്മാഗാന്ധിയെ വാഴ്ത്തുന്നു..കുറഞ്ഞത് 70-80 രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്കെല്ലാം മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാം,” ഖാർഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ താൻ ഞെട്ടിപ്പോയെന്ന് ഖാർഗെ പറഞ്ഞു. ഗാന്ധിയെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലായിരിക്കാം, അതിനാൽ അദ്ദേഹത്തിന് ഭരണഘടനയെക്കുറിച്ചും അറിയില്ലെന്നാണ് താൻ കരുതുന്നതെന്നും ഖാർഗെ തുറന്നടിച്ചു.

Post a Comment

Previous Post Next Post