(www.kl14onlinenews.com)
(12-May-2024)
വാഷിങ്ടൺ: ഹമാസ് ബന്ദികളാക്കിയ 128 പേരെയും വിട്ടയച്ചാൽ ഗസ്സയിൽ വെടിനിർത്തൽ നാളെ തന്നെ സാധ്യമാകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. “ഹമാസാണ് തീരുമാനിക്കേണ്ടത്. അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് വെടിനിർത്തൽ നാളെ ആരംഭിക്കാം” -ബൈഡൻ പറഞ്ഞു. എന്നാൽ, ഇസ്രായേൽ തടവിലാക്കിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരക്കണക്കിന് ഫലസ്തീനികളെ വിട്ടയക്കുന്നതിനെ കുറിച്ച് ബൈഡൻ ഒന്നും പറഞ്ഞിട്ടില്ല. ഇസ്രായേൽ തടവറയിൽ ഇവർ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ഇരയാകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
വർഷങ്ങളായി ഇസ്രായേൽ അന്യായമായി തടവിലിട്ട ഫലസ്തീനികളെ മുഴുവൻ മോചിപ്പിക്കണമെന്നും ഗസ്സയിൽനിന്ന് ഇസ്രായേൽ പൂർണമായും പിന്മാറണമെന്നുമാണ് ബന്ദി മോചനത്തിനുള്ള ഉപാധിയായി ഹമാസ് മുന്നോട്ടുവെക്കുന്നത്. ഗസ്സക്ക് മേലുള്ള ഉപരോധം നീക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഏറ്റവുമൊടുവിൽ കെയ്റോയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചതുമാണ്. എന്നാൽ, ഇക്കാര്യത്തെ കുറിച്ചെല്ലാം മൗനം പാലിച്ച ബൈഡൻ ബന്ദികളെ മോചിപ്പിച്ചാൽ വെടിനിർത്താമെന്ന വാഗ്ദാനം മാത്രമാണ് നൽകുന്നത്. ഇതാകട്ടെ, ഹമാസ് ആദ്യഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞ കാര്യവുമാണ്.
അതിനിടെ, ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി തുടരുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് യു.എസ് കോൺഗ്രസിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിന് നൽകിയ ആയുധങ്ങൾ ഗസ്സയിൽ സിവിലിയൻ കൂട്ടക്കുരുതി നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെയാണ്, ആയുധക്കയറ്റുമതി നിർത്തിവെക്കാൻ മാത്രം കൃത്യമായ സംഭവങ്ങൾ കണ്ടെത്തിയില്ലെന്നും അതിനാൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങൾക്കെതിരായി യു.എസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. എന്നാൽ, ഏതെങ്കിലും സംഭവത്തിൽ യു.എസ് ആയുധം തന്നെയാണ് സിവിലിയൻ കുരുതി നടത്തിയതെന്ന് വ്യക്തമായി സ്ഥിരീകരിച്ചില്ലെന്നാണ് ന്യായം. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ബൈഡനും തങ്ങളുടെ ആയുധങ്ങൾ ഇസ്രായേൽ സിവിലിയന്മാർക്കു മേൽ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇത് മുൻനിർത്തി ഇസ്രായേലിനുള്ള ആയുധങ്ങളുടെ കയറ്റുമതി ഒരു തവണ നിർത്തിവെച്ചതായും ഭാവിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. മാരക പ്രഹരശേഷിയുള്ള 3,500 ബോംബുകളുടെ കയറ്റുമതിയാണ് കഴിഞ്ഞ ദിവസം യു.എസ് തടഞ്ഞുവെച്ചത്.
252 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ 128 പേർ ജീവനോടെയും അല്ലാതെയും ഗസ്സയിലുണ്ടെന്നാണ് കരുതുന്നത്. നിരവധി ബന്ദികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിരുന്നു. 36 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നവംബർ അവസാനവാരം ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ 105 സിവിലിയന്മാരെ ഹമാസ് കൈമാറിയിരുന്നു. അതിനുമുമ്പ് നാല് ബന്ദികളെയും വിട്ടയച്ചിരുന്നു. ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നതടക്കം 12 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും മൂന്ന് ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Post a Comment