ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് തീർത്ഥാടകരോട് സൗദി അറേബ്യ

(www.kl14onlinenews.com)
(17-May-2024)

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് തീർത്ഥാടകരോട് സൗദി അറേബ്യ
മക്ക :ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ വിവിധ പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന നിർദ്ദേശവുമായി സൗദി അറേബ്യ. രാജ്യത്തിനകത്തുള്ളവർക്കും പുറത്ത് നിന്നെത്തുന്നവർക്കുമായി വ്യത്യസ്ത മാർഗ്ഗ രേഖകൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഹജ്ജിനെത്തുന്ന സൗദിയിലെ പൗരന്മാർ കഴിഞ്ഞ അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും കോവിഡ് 19, സീസണൽ ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി ( Sehaty ) അപ്ലിക്കേഷൻ വഴി ആവശ്യമായ വാക്സിനുകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിദേശ പൗരന്മാർ സൗദിയിൽ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കോവിഡ് 19, സീസണൽ രോഗങ്ങൾ എന്നിവയ്ക്കുള്ള വാക്സിനും നെയ്സെരിയ മെനിഞ്ചൈറ്റിസ് (Neisseria Meningitis) വാക്സിനും സ്വീകരിച്ചിരിക്കണം. തീർത്ഥാടനം ജൂൺ 14 മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹജ്ജ് 2024: തീര്‍ത്ഥാടകര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഹജ്ജ് വിസയില്‍ എത്തുന്നവര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി ഭരണകൂടം. ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ഒരുക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി വിഷന്‍ 2030ന്റെ ലക്ഷ്യവുമായി കൈകോര്‍ത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൗദി സര്‍ക്കാരിന്റെ കീഴിലെ വിദേശകാര്യം, ഹജ്ജ്, ഉംറ മന്ത്രാലയവും സൗദി ഡാറ്റ ആന്‍ഡ് എഐ അതോറിറ്റി മന്ത്രാലയും സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്ര കാര്യക്ഷമമാക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.

അബ്ഷര്‍, തവക്കല്‍ന ഫാറ്റ്‌ഫോമുകളിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി ഇലക്ട്രോണിക്‌സ് രൂപത്തില്‍ പരിശോധിക്കാൻ കഴിയും. മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക സ്റ്റാംപ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ബുധനാഴ്ച പുറത്തിരിക്കിയിരുന്നു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നിവിടങ്ങളിലെ 11 വിമാനത്താവളങ്ങളിലെ പ്രത്യേക പ്രോസസ്സിംഗ് ഹാളുകളില്‍ സ്റ്റാംപ് ലഭ്യമാകും.

Post a Comment

أحدث أقدم