180 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ട്രാക്ടറിലിടിച്ചു

(www.kl14onlinenews.com)
(17-May-2024)

180 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ട്രാക്ടറിലിടിച്ചു
പൂനെ: ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം പൂനെ എയർപോർട്ട് റൺവേയിൽവച്ച് ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ചു. 180 യാത്രക്കാരുമായി യാത്ര തിരിക്കാനിരുന്ന വിമാനമാണ് വ്യാഴാഴ്ച അപകടത്തിൽ പെട്ടത്. കൂട്ടിയിടിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വിമാനത്തിൻ്റെ നോസിനും ലാൻഡിംഗ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം തള്ളിനീക്കാൻ ഉപയോഗിക്കുന്ന ടഗ് ട്രക്ക്, ടാക്‌സിങ് ചെയ്യുന്നതിനിടെ വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകാനും, ആവശ്യമുള്ള യാത്രക്കാർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ഏർപ്പെടുത്താനുമുള്ള നടപടികൾ പൂർത്തിയായെന്ന് കമ്പനി അറിയിച്ചു. "പുഷ്ബാക്ക് ടഗുമായി കൂട്ടിയിടിച്ച വിമാനത്തിന്റെ ബെല്ലിക്ക് സമീപമായി കേടപാടുകൾ സംഭവിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

അടിയന്തര പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ഉടന്‍ തന്നെ നടപ്പിലാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയും ഡല്‍ഹിയിലേക്കുള്ള ബദല്‍ വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും അധികൃതര്‍ പറഞ്ഞു.

കൂട്ടിയിടിയുടെ കാരണം കണ്ടെത്താന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടിയില്‍ വിമാനത്തിന്റെ മുന്‍വശത്തിനും ലാന്‍ഡിംഗ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു.

Post a Comment

Previous Post Next Post