അബ്ദുൽ റഹീമിന്റെ മോചനം:മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തിച്ചു

(www.kl14onlinenews.com)
(17-May-2024)

അബ്ദുൽ റഹീമിന്റെ മോചനം:മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തിച്ചു
റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി ഇന്ത്യൻ എംബസി മുഖേന പണം കൈമാറും.

അതിനിടെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദിയധനം സ്വീകരിച്ചു മാപ്പ് നൽകാനുള്ള സമ്മതം ഗവർണറേറ്റിൽ അറിയിച്ചതായും സഹായസമിതി അറിയിച്ചു. ഇനി കാര്യങ്ങൾ എളുപ്പമാകുമെന്നാണ് കരുതുന്നത്. ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് രേഖാമൂലം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറും.

തുടർന്ന് കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കും. വൈകാതെ മോചനവും സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മലയാളികൾ ഉൾപ്പടെയുള്ള മനുഷ്യസ്നേഹികൾ ഒഴുക്കിയ പണമാണ് റഹീമിന്റെ മോചനത്തിന് സാധ്യത തെളിയിച്ചത്. അവരെല്ലാം റഹീമിന്റെ മോചനം സാധ്യമാകുന്ന ശുഭവാർത്ത കാത്തിരിക്കുകയാണ്. റിയാദിൽ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചയും നടത്തി. വൈകാതെ റഹീമിന്റെ മോചനമെന്ന ലക്ഷ്യം സാധ്യമാകുമെന്ന് യോഗത്തിന് ശേഷം സഹായ സമിതി അറിയിച്ചു.


കോടതി റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഗവർണറേറ്റിൽ നിന്നും സമ്മതം ലഭിക്കണം. ഗവർണറേറ്റ് സമ്മതം നൽകണമെങ്കിൽ മോചനദ്രവ്യത്തിന്റെ ചെക്കിന്റെ കോപ്പിയോടൊപ്പം രേഖകൾ സമർപ്പിക്കണം. ഒപ്പം കൊല്ലപ്പെട്ട കുടുംബത്തിന്റെ സമ്മതവും ഗവർണറേറ്റിൽ രേഖാമൂലം എത്തണം. ഇവ വേഗത്തിൽ പൂർത്തിയാക്കുകയാണ് പ്രധാന കടമ്പ. ഇതിനായി ഗവർണറ്റിലേക്ക് കൊല്ലപ്പെട്ട കുട്ടിയുടെ കക്ഷികളുമായി ധാരണയിലെത്തും.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും എംബസിയും വേണ്ട സഹായമെല്ലാം വേഗത്തിൽ ഉറപ്പാക്കുന്നുണ്ട്. എംബസി ഉദ്യേഗസ്ഥർ ഡ്യൂട്ടി സമയത്തിനപ്പുറവും ഇരുന്നാണ് കാര്യങ്ങൾ പൂർത്തിയാക്കുന്നത്. റഹീമിന്റെ കുടുംബത്തിന്റെ അറ്റോണിയായ സിദ്ദീഖ് തുവ്വൂരാണ് കാര്യങ്ങൾ ഉദ്യോഹസ്ഥരുടെ പിന്തുണയോടെ പൂർത്തിയാക്കുന്നത്.

Post a Comment

Previous Post Next Post