പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

(www.kl14onlinenews.com)
(15-May-2024)

പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പതിനാല് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൗരത്വത്തിനായി അപേക്ഷിക്കുന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയായിരുന്നു അപേക്ഷ പരിഗണിച്ചത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 300 പേര്‍ക്ക് സിഎഎ നിയമപ്രകാരം പൗരത്വം അനുവദിച്ചെന്നും സിഎഎ രാജ്യത്തിന്റെ നിയമമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ 2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

2019 ഡിസംബർ 9ന് ലോക്‌സഭയും രണ്ട് ദിവസത്തിന് ശേഷം രാജ്യസഭയും ഈ നിയമം പാസാക്കിയിരുന്നു. ഇതിന് 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. നിയമം പാസാക്കിയതിന് പിന്നാലെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. നാല് വർഷം മുമ്പ് നിയമം നിലവിൽ വന്നിട്ടും, അത് വിജ്ഞാപനം ചെയ്യാത്തതിനാൽ സിഎഎ നടപ്പിലാക്കുന്നത് വൈകിയിരുന്നു.

Post a Comment

Previous Post Next Post