(www.kl14onlinenews.com)
(17-May-2024)
തിരുവനന്തപുരം: അടുത്ത വർഷം തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം. വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. ജനസംഖ്യ അടിസ്ഥാനത്തിലുള്ള വാർഡ് പുനർനിർണയം ആവശ്യമെങ്കിലും ഏകപക്ഷിയമായ തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
വാർഡുകളുടെ രൂപരേഖ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കുകയും, പരാതിക്കാരിൽ നിന്ന് വാദം കേൾക്കുകയും ചെയ്യും. ഇതിനു ശേഷമായിരിക്കും അന്തിമ വിജ്ഞാപനമിറക്കുകയും വോട്ടർപട്ടിക പുതുക്കുകയും ചെയ്യുക.
2011 ൽ നടത്തിയ സെൻസസിനെ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ പുനർനിർണയം. ഒരോ വാർഡ് വീതം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുമെന്നാണ് വിവരം. ഇതോടെ 1200 പുതിയ വാർഡുകൾ വരെ വർധിക്കും. മുൻസിപ്പാലിറ്റികളുടെയോ പഞ്ചായത്തുകളുടെയോ എണ്ണത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
ജനസംഖ്യാനുപാതികമായി ഓരോ തദ്ദേശസ്ഥാപനത്തിലും ഓരോ വാർഡ് വീതം വർധിപ്പിക്കാനുള്ള ഓർഡിനൻസ് അംഗീകരിക്കുന്നതിന് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. നിലവിൽ കേരളത്തിലെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 21,900 ജനപ്രാതിനിധികളുണ്ട്. പുനർനിർണയം വരുന്നതോടെ 1200 ജനപ്രാതിനിധികൾ കൂടി വർധിക്കും.
إرسال تعليق