യു.എ.ഇയിൽ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; വെള്ളക്കെട്ട്, ഗതാഗതം താറുമാറായി,ഒരു മരണം

(www.kl14onlinenews.com)
(17-APR-2024)

യു.എ.ഇയിൽ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; വെള്ളക്കെട്ട്, ഗതാഗതം താറുമാറായി,ഒരു മരണം

ദുബായ്: ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ.
റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു.

പ്രധാന ഇടങ്ങളില്‍ ഉള്‍പ്പടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്. റോഡുകളിലും ഹൈവേകളിലും വെള്ളം കയറി. ഗതാഗതം താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള 5 വിമാനങ്ങള്‍ റദ്ദാക്കി.

കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലും വെള്ളം കയറി. അല്‍ഐനില്‍ മാത്രമാണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുബായ് ഭരണാധികാരികള്‍ അഭ്യര്‍ഥിച്ചിരുന്നു. ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശവാസികള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു. ദുബായില്‍ ബുധനാഴ്ചയും സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലായിരിക്കും. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്.

ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഫ്‌ളൈ ദുബായ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്ലൈ ദുബായ്, എയർ അറേബ്യ, ഇൻഡിഗോ ,എമിറേറ്റ്സ് എയർലൈൻസ് എന്നീ വിമാനങ്ങളുടെ സർവീസുകളാണ് റദ്ദ് ചെയ്തത്. രണ്ട് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം.

1949 ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യു.എ.ഇ ഇന്നലെ സാക്ഷ്യം വഹിച്ചത്. അൽഐനിലെ ഖത്തമുൽ ശഖ്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. റാസൽഖൈമയിലെ വാദി ഇസ്ഫാനിയിലാണ് മലവെള്ളപാച്ചിലിൽ കുടുങ്ങി നാൽപത് വയസുകാരനായ യു.എ.ഇ സ്വദേശി മരിച്ചത്.

റൺവേയിൽ വെള്ളം കയറിയാതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ താൽകാലികമായി നിർത്തിവെച്ചിരുന്നു. 45 ലേറെ വിമാനങ്ങൾ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയർപോർട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്.

അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, അൽഐൻ തുടങ്ങി മിക്ക യു.എ.ഇ നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു. ഏഴ് എമിറേറ്റുകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പ്രധാനഹൈവേയായ ശൈഖ് സായിദ് റോഡിൽ വെള്ളം കയറിയതിനാൽ യാത്രക്ക് മറ്റ് ഹൈവേകൾ തെരഞ്ഞെടുക്കണമെന്ന് ആർ.ടി.എ അറിയിച്ചു.

Post a Comment

Previous Post Next Post