ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

(www.kl14onlinenews.com)
(15-APR-2024)

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു
ഞായറാഴ്ച ഉച്ചയ്ക്ക് രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് സംഭവം. ട്രക്കിൽ ഇടിച്ച കാറിന് തീപിടിച്ചാണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേരാണ് ജീവനോടെ വെന്തുമരിച്ചത്.

ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് കാർ യാത്രക്കാർ. രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു.

ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയെത്തുടർന്ന് കാറിലെ ഗ്യാസ് കിറ്റ് പൊട്ടിത്തെറിക്കുകയും ട്രക്കിൽ കയറ്റിയ പഞ്ഞിയിൽ കൂടുതൽ തീ ആളിപ്പടരുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും ശ്രമിച്ചിട്ടും തീപിടിത്തത്തെ തുടർന്ന് അടഞ്ഞ വാതിലുകൾ തുറക്കാനാകാതെ കാർ യാത്രക്കാർ ജീവനോടെ തീപ്പിടുത്തത്തിലകപ്പെടുകയായിരുന്നു.

യാത്രക്കാർ സഹായത്തിനായി നിലവിളിച്ചെങ്കിലും തീപിടിത്തം കാരണം അവരെ സഹായിക്കാൻ കഴിഞ്ഞില്ലെന്ന് അപകടത്തിന് സാക്ഷിയായ രാംനിവാസ് സൈനി പറഞ്ഞു.

അഗ്നിശമന സേനയുടെ വാഹനങ്ങൾ ഉടൻ വിന്യസിച്ച് തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും കുടുംബം മരണത്തിന് കീഴടങ്ങി.

നീലം ഗോയൽ (55), മകൻ അശുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ (58), ഇവരുടെ മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32), പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവരാണ് മരിച്ചത്. ഇതിനിടെ ട്രക്ക് ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കാറിൻ്റെ ഉടമ അശുതോഷ് ഒന്നര വർഷം മുമ്പ് കാർ വിറ്റതായി പോലീസ് പറഞ്ഞു. കാർ വിറ്റ ഏജൻ്റുമായി പോലീസ് ബന്ധപ്പെട്ടു. ഇയാൾ വഴിയാണ് കുടുംബത്തെ തിരിച്ചറിയാൻ കഴിഞ്ഞത്.

Post a Comment

Previous Post Next Post