പിടിവിട്ട് സ്വർണവില; സർവകാല റെക്കോർഡിൽ, പവന് 50,880 രൂപ

(www.kl14onlinenews.com)
(01-APR-2024)

പിടിവിട്ട് സ്വർണവില;
സർവകാല റെക്കോർഡിൽ,
പവന് 50,880 രൂപ
കൊച്ചി: മഞ്ഞലോഹത്തിന്റെ ഒളി മങ്ങില്ലെന്ന് വ്യക്തമക്കുന്നതാണ് ഓരോ ദിവസത്തെയും വില കയറ്റം. പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രതിദിനം സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് അവസാന വാരത്തില്‍ പവന് അര ലക്ഷം കടന്ന സ്വര്‍ണം ഇന്ന് വീണ്ടും കുതിച്ചു. ഇവിടെയും സ്വര്‍ണം നില്‍ക്കില്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. സ്വര്‍ണവില കുറയാനുള്ള സാഹചര്യം ഒരുങ്ങിയിട്ടും വില കൂടുന്നതില്‍ വിപണി നിരീക്ഷകരും അമ്പരപ്പിലാണ്.

മാര്‍ച്ച് മാസത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കും 50400 രൂപയിലെത്തി. എന്നാല്‍ ഏപ്രിലിലേക്ക് കടക്കുമ്പോള്‍ വീണ്ടും കുതിക്കുകയാണ്. ഓരോ ദിവസവും വന്‍ കുതിച്ചുചാട്ടം നടത്തുന്ന സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ജ്വല്ലറി ഉടമകള്‍ക്കും ആധി സമ്മാനിക്കുന്നതാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 50880 രൂപയാണ് വില. മാര്‍ച്ച് 31ന് 50200 രൂപയായിരുന്നു. 680 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6360 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 55000 രൂപ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ചേരുമ്പോഴാണിത്. സ്വര്‍ണം നിലയ്ക്കാത്ത കുതിപ്പ് നടത്തുമ്പോള്‍ സന്തോഷിക്കുന്ന ചിലരുണ്ട്.

സ്വര്‍ണം കൈയ്യിലുള്ളവര്‍ക്കാണ് വില കൂടുമ്പോള്‍ സന്തോഷമുണ്ടാകുക. കാരണം, വിറ്റാല്‍ വലിയ മൂല്യം ലഭിക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ മൂല്യം ജ്വല്ലറികള്‍ കണക്കാക്കുക. ഇന്ന് പഴയ സ്വര്‍ണത്തിന് 49000 രൂപ വരെ കിട്ടിയേക്കും. അതേസമയം, വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത എന്നതിനാല്‍ വില്‍ക്കാനുള്ളവര്‍ കാത്തിരിക്കുന്നതാകും നല്ലത്.

അന്താരാഷ്ട്ര വിപണിയിലും ദേശീയ വിപണിയിലുമെല്ലാം സ്വര്‍ണവില കൂടുകയാണ്. ഡോളര്‍ സൂചിക 104.52ലെത്തിയിട്ടും സ്വര്‍ണവില ഉയരുന്നതാണ് ആശ്ചര്യം. ഡോളര്‍ സൂചിക കയറുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില ഇടിയേണ്ടതാണ്. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ മൂല്യം ഇടിയുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ എല്ലാ പ്രവചനങ്ങളും മറികടന്നാണ് സ്വര്‍ണത്തിന്റെ കുതിപ്പ്.

രൂപയുടെ മൂല്യം ഇടിഞ്ഞു വരുന്നത് ആഭ്യന്തര വിപണിയില്‍ വലിയ തിരിച്ചടിയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.38 ആണ്. 83.48 എന്ന സര്‍വകാല ഇടിവ് വൈകാതെ മറികടന്നേക്കും. അതേസമയം, റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചേക്കുമെന്നാണ് കരുതുന്നത്. ചൈനയുടെ യുവാന്‍ ഇടിയുന്നതും ഇന്ത്യന്‍ രൂപയെ പരോക്ഷമായി ബാധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post