ആവശ്യപ്പെട്ടത് 5,000 കോടി; കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

(www.kl14onlinenews.com)
(12-APR-2024)

ആവശ്യപ്പെട്ടത് 5,000 കോടി; കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി
സാമ്പത്തികപ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസമായി മുന്‍കൂര്‍ വായ്പയെടുക്കാന്‍ കേന്ദ്രാനമുതി. വായപാപരിധിയില്‍ നിന്ന് മൂവായിരം കോടി കടമെടുക്കാനാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം സാമൂഹ്യപെന്‍ഷന് പണം കണ്ടെത്താന്‍ വീണ്ടും സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 37512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതില്‍ നിന്ന് അയ്യായിരം കോടി രൂപ മുന്‍കൂര്‍ വായ്പ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അത് അനുവദിക്കാതിരുന്ന കേന്ദ്രം മൂവായിരം കോടി അനുവദിച്ചാണ് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ തന്നെ അയ്യായിരം കോടി മുന്‍കൂര്‍ വായ്പ അനുവദിച്ചിരുന്നു. മൂവായിരം കോടി ലഭിച്ചത് തന്നെ സംസ്ഥാനത്തിന് ആശ്വസമാകും. ഈ മാസത്തെ ശമ്പള–പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിനാല്‍ അടുത്തമാസത്തേക്ക് ഇത് ഉപയോഗിക്കാനാവും. അതോടെ കടുത്ത പ്രതിസന്ധി ഒഴിവാകുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമം ധനകാര്യവകുപ്പ് വീണ്ടും ഊര്‍ജിതമാക്കി. സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2000 കോടി സമാഹരിക്കാനാണ് ശ്രമം. 9.1 ശതമാനം പലിശ നല്‍കിയാണ് പണം സമാഹരിക്കുന്നത്. രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയെങ്കിലും നാല് മാസത്തെ പെന്‍ഷന്‍ കുടിശിക തുടരുകയാണ്.

Post a Comment

أحدث أقدم