(www.kl14onlinenews.com)
(07-APR-2024)
തിരുവനന്തപുരം :
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമ പെന്‍ഷനുകളുടെ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. രണ്ട് ഗഡുക്കളായി 3200 രൂപയാണ് വിതരണം ചെയ്യുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. പെന്‍ഷന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ അടക്കം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. ഏഴ് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രണ്ട് ഗഡുക്കള്‍ കൂടി നല്‍കിയാലും ഏപ്രിലേത് അടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട്.
പെന്‍ഷന്‍ കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചു. "ഇത്രയും പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് ധൂര്‍ത്തല്ല. പെന്‍ഷന്‍ 1600 രൂപയില്‍ തന്നെ നില്‍ക്കണം എന്നല്ല സര്‍ക്കാര്‍ കാണുന്നത്. പെന്‍ഷന്‍ ഇനിയും ഉയരണം. ഒരു വര്‍ഷം പെന്‍ഷന്‍ നല്‍കാന്‍ 11,000 കോടി രൂപ വേണം. ഇത് പൂട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ടി ആദ്യം ചെയ്തത് പെന്‍ഷന്‍ കമ്പനി സ്തംഭിപ്പിക്കലായിരുന്നു," മുഖ്യമന്ത്രി വിമര്‍ശിച്ചു.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്.
ക്ഷേമ പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എല്‍ ഡി എഫ് സര്‍ക്കാരിനുണ്ടായിരുന്നു. ഇത് എല്‍ ഡി എഫ് യോഗങ്ങളില്‍ ഉള്‍പ്പെടെ പലരും പങ്കുവച്ചിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് ക്ഷേമപെന്‍ഷന്‍ വൈകാന്‍ കാരണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
إرسال تعليق