(www.kl14onlinenews.com)
(05-APR-2024)
കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. സി.പി.എം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സി.പി.എം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരുകൈപ്പത്തി അറ്റുപോയിരുന്നു. കൂടാതെ മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർക്ക് പരിക്കുണ്ടെന്നാണ് സൂചന. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. കണ്ണൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
കണ്ണൂരിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം, ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു.
പാനൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷ് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ അറിയിച്ചു.
إرسال تعليق