മരിച്ചയാളുടെ പേരിൽ മരുമകൾ വോട്ട് ചെയ്‌തു; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

(www.kl14onlinenews.com)
(22-APR-2024)

മരിച്ചയാളുടെ പേരിൽ മരുമകൾ വോട്ട് ചെയ്‌തു; 3 പേര്‍ക്ക് സസ്പെന്‍ഷന്‍
ഇലവുംതിട്ട (പത്തനംതിട്ട): വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർത്യമാതാവിന്റെ വോട്ട് മരുമകൾ ചെയ്ത സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥർ, ബിഎൽഒ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു.

രണ്ട് പോളിങ് ഒാഫിസര്‍മാരെയും ബിഎല്‍ഒയെയും സസ്പെന്‍ഡ് ചെയ്തു. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും.

വെള്ളിയാഴ്ചയായിരുന്നു സംഭവം. 4 വർഷം മുൻപ് മരിച്ച കാരിത്തോട്ട വാഴയിൽ വടക്കേചരുവിൽ അന്നമ്മ ജോർജിന്റെ വോട്ട് മരുമകൾ അന്നമ്മ മാത്യു ചെയ്തെന്ന് കാട്ടി എൽഡിഎഫ് ബൂത്ത് സെക്രട്ടറി സി.കെ.ജയ ശനിയാഴ്ച കലക്ടർക്ക് പരാതി നൽകിയിരുന്നു. സ്പെഷൽ പോൾ ഓഫിസർമാരായ എ.ദീപ, കല എസ്.തോമസ്, ബിൽഒ പി.അമ്പിളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അന്നമ്മ ജോർജ് മരിച്ചെങ്കിലും വോട്ടർപട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തിട്ടില്ല. മെഴുവേലി 144–ാം ബൂത്ത് 874–ാം ക്രമനമ്പരിൽ പേര് ഇപ്പോഴുമുണ്ട്. കിടപ്പുരോഗിയായ മരുമകളുടെ പേരിലാണ് (ക്രമനമ്പർ 876) വീട്ടിലെ വോട്ടിന് അപേക്ഷ നൽകിയിരുന്നത്. മരുമകളുടെ പേരും മരിച്ച ആളുടെ പേരും അന്നമ്മയെന്നായതിനാൽ മാറിപ്പോയെന്നാണ് ബിഎൽഒ പി.അമ്പിളി പറയുന്നത്. വോട്ട് പരസ്പരം മാറിപ്പോയതാണെന്നും അത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വീട്ടുകാരും പറയുന്നു. അന്നമ്മ മാത്യുവിന്റെ പേരിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു.

Post a Comment

أحدث أقدم