ദുരിതം വിതച്ച് മഴക്കെടുതി;ദുബായ് വിമാനത്താവളത്തിൽ വെള്ളം കയറി;വ്യോമഗതാഗതം താറുമാറായി

(www.kl14onlinenews.com)
(17-APR-2024)

ദുരിതം വിതച്ച് മഴക്കെടുതി;ദുബായ് വിമാനത്താവളത്തിൽ വെള്ളം കയറി;വ്യോമഗതാഗതം താറുമാറായി
ദുബായ് :
യുഎഇയിൽ ഇന്നലെ കണ്ടത് 75 വർഷത്തിനിടെയിലെ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് രാജ്യത്തിലെ മിക്കയിടങ്ങളും വെള്ളത്തിനടിയായിലായി. ഗതാഗതം താറുമാറായിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ വെള്ളം കയറി ഒട്ടുമിക്ക വിമാനസർവീസുകളും റദ്ദാക്കി. നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

യുഎഇയിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. രാവിലെ മുതൽ രാജ്യത്ത് മഴ മാറി നിൽക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാൽ ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാൻ ആയിട്ടില്ല. 75 വർഷത്തിനിടെയിലെ ശക്തമായ മഴയാണ് യുഎഇയിൽ ഇന്നലെ കണ്ടത്.

1949ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം യുഎഇയിൽ ആദ്യമായാണ് ഇത്രയും ശക്തമായ മഴ 24 മണിക്കൂറിനിടെ ലഭിക്കുന്നത്. അൽ ഐനിൽ 254 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വെള്ളം കയറി രാജ്യത്തെ റോഡ് ഗതാഗാതം താറുമാറായി. ദുബായ് വിമാനത്താവളത്തിലെ റൺ വേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്സ് അർധരാത്രി വരെയുള്ള വിമാനങ്ങൾ റദ്ദാക്കി. എയർ അറേബ്യ, ഫ്ലൈ ദുബായ്, ഇത്തിഹാദ് വിമാനങ്ങളും ഒട്ടുമിക്ക സർവീസുകളും റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തിരിക്കുകയാണ്. അതേസമയം റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്താനാവാത്ത സ്ഥിതിയും ഉണ്ട്.

വിമാനത്താവളത്തിന് സമീപത്തെ ടണൽ റോഡുകൾ അടച്ചു. ദുബായ് അബുദാബി, ദുബായ് ഷാർജ, ദുബായ് അജ്മാൻ ഇന്റർനെറ്റ് സിറ്റി ബസുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്. ഒപ്പം മെട്രോയുടെ റെഡ് ഗ്രീൻ ലൈനുകളിലെ വിവിധ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സർവീസ് തടസപ്പെട്ടേക്കുമെന്നും ആർടിഎ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്ന് വരെ സർവീസ് നീട്ടിയിരുന്നെങ്കിലും സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സർവീസ് പല ഭാഗത്തേക്കും തടസപ്പെട്ടിരുന്നു.

രാവിലെ മുതൽ മഴയ്ക്ക് ശമനുണ്ടെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങിയിട്ടില്ല, രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. വടക്കൻ എമിറേറ്റുകളിൽ നേരിയ തോതിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഷാർജ ഉമ്മൽ ഖുവൈൻ എമിറേറ്റുകളിൽ രാവിലെ തൊട്ട് നേരിയ മഴയുണ്ട്. ഇന്നലെ രാത്രി റാസ് അൽ ഖൈമയിലെ വാദി ഇസ്ഫാനിയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് സ്വദേശി മരിച്ചിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

വടക്കൻ എമിറേറ്റുകളിൽ നേരിയ മഴ ഉണ്ടായതൊഴിച്ചാൽ രാജ്യത്തുടനീളം മഴ മാറി നിൽക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തുണയായി. റോഡിൽ കെട്ടികിടക്കുന്ന വെള്ളം ടാങ്കറുകൾ ഉപയോഗിച്ച് പമ്പ് ചെയ്ത് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് എമിറേറ്റ്സ് അർധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും ഫ്ലൈ ദുബായ് ചെറിയ തോതിൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ടെർമിനൽ രണ്ടിലെ സർവീസുകൾ തുടങ്ങുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ടെർമിനൽ ത്രീയിലെ സർവീസുകൾ തുടങ്ങാൻ അർധരാത്രി കഴിയും. എത്തിഹാദ് എയർ അറേബ്യ വിമാനങ്ങളുടെ സർവീസുകളെയും മഴ ബാധിച്ചു. മഴക്കെടുതി കണക്കിലെടുത്ത് രാജ്യത്തെ സ്കൂളുകളിൽ ഇന്നും നാളെയും കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് നാളെ കൂടി വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുമതി നൽകി.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എമിറേറ്റിലെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. ഫ്ലാറ്റുകളിലെ ഗ്രൗണ്ട് ഫ്ലോറിൽ വെള്ളം കയറി. വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് ആർടിഎയുടെ ബസ് , മെട്രോ സർവീസുകളെയും ബാധിച്ചു. മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതം തടസപ്പെടുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്.

ദുബായില്‍ നിന്നുള്ള ചെക്ക് ഇന്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ് : യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍

ദുബൈ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാന യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. വിമാനങ്ങള്‍ പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും കാലതാമസം പ്രതീക്ഷിക്കണമെന്നും എയര്‍ലൈന്‍ അറിയിച്ചു.

ബുധനാഴ്ചയാണ് ചെക്ക് ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. ദുബൈയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഏപ്രില്‍ 17 (ബുധനാഴ്ച) എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ ചെക്ക്-ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്റെ വക്താവ് അറിയിച്ചു. മോശം കാലാവസ്ഥയും റോഡിലെ സാഹചര്യങ്ങളും മൂലം പ്രവര്‍ത്തനത്തെ ബാധിച്ചത് കണക്കിലെടുത്താണ് തീരുമാനം.

ഉപഭോക്താക്കള്‍ക്ക് റീബുക്കിങ്ങിനായി അവരുടെ ബുക്കിങ് ഏജന്റിനെയോ എമിറേറ്റ്‌സ് കോണ്‍ടാക്ച് സെന്ററിനെയോ ബന്ധപ്പെടാം. ദുബൈയില്‍ എത്തി ഇതിനകം ട്രാന്‍സിറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ വിമാനങ്ങള്‍ക്കായുള്ള നടപടികള്‍ തുടരും. ഏറ്റവും പുതിയ വിമാന ഷെഡ്യൂളുകള്‍ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

Post a Comment

Previous Post Next Post