(www.kl14onlinenews.com)
(14-APR-2024)
റിയാദ് :
34 കോടി രൂപ തയാറായെങ്കിലും സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്‍റെ മോചനം ഒരു മാസത്തിലധികം നീളും. പണം കൈമാറ്റം ചെയ്യുന്നതിനും കോടതി നടപടികള്‍ക്കും സമയം േവണ്ടിവരുമെന്നതാണ് മോചനം നീളാന്‍ കാരണം. അതേസമയം, കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോയാല്‍ മോചനം മൂന്ന് മാസത്തോളം വൈകാനും സാധ്യതയുണ്ട്.
കണ്ണീരോടെ കാത്തിരിപ്പാണ് റഹീമിന്‍റെ പൊന്നുമ്മ. പതിനെട്ട് വര്‍ഷത്തിനൊടുവില്‍ മോചനത്തിന് ആവശ്യമായ പണം കിട്ടിയെങ്കിലും അല്‍പം കൂടി കാത്തിരിക്കേണ്ടി വരും ഉമ്മയ്ക്ക്. നിലവില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായുള്ള 34 കോടി രൂപ അഥവാ 15 മില്ല്യണ്‍ റിയാല്‍ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ആദ്യ കടമ്പ. ഇത് പിന്നീട് സൗദിയിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ഇതിന് മാത്രം മൂന്നാഴ്ചയോളം സമയമെടുക്കും. പണം ലഭ്യമായ കാര്യം എംബസിയാണ് സൗദി കോടതിയില്‍ അറിയിക്കുക. എന്നാല്‍ നിലവില്‍ ഈദ് അവധിയിലുള്ള സൗദി കോടതി ഒരാഴ്ച കഴിഞ്ഞേ തുറക്കൂ. കോടതിയിലെ തിരക്ക് കാരണം ഹിയറിങ്ങ് വൈകാനാണ് സാധ്യത. ഇതിനെ ആശ്രയിച്ചായിരിക്കും മോചനത്തിന്‍റെ വേഗം.
പണം തയാറാണെന്ന് കോടതിയെ അറിയിച്ചാലും അവസാനവട്ട സിറ്റിങ് നടത്തി റഹീമും എതിര്‍ കക്ഷികളും സംയുക്തമായി ഒപ്പിട്ടാലേ മോചനത്തിലേക്ക് കടക്കൂ. ദയാധനം ലഭിച്ചാല്‍ മാപ്പ് നല്‍കാമെന്ന് സ്പോണ്‍സറുടെ കുടുംബവും പണം നല്‍കാമെന്ന് റഹീമും കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കണം. കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ മാത്രമേ മോചനത്തിനുള്ള പ്രധാന വാതില്‍ തുറക്കൂ. ഇതെല്ലാം ഒറ്റ സിറ്റിങ്ങില്‍ നടക്കാത്ത കാര്യങ്ങളായതിനാല്‍ കോടതിയുടെ സമയക്രമത്തിനനുസരിച്ചാവും മോചനം സാധ്യമാവുക. കോടതി നടപടികളുടെ നിയമസഹായത്തിന് ഒരു സംഘം ആളുകള്‍ തന്നെ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റത്തില്‍ പെട്ടതിനാല്‍ തിരികെ സൗദിയിലേക്ക് വരാനാവാത്ത വിധമായിരിക്കും റഹീമിനെ നാട്ടിലേക്ക് പറഞ്ഞയക്കുക.
നിലവിൽ ഈദ് അവധിക്കായി കോടതി അടച്ചിരിക്കുകയാണ്. ഇതിനു ശേഷമായിരിക്കും മോചനത്തിനായുള്ള നടപടികൾ ആരംഭിക്കുക. റഹീമിന്റെ മോചനത്തിനായുള്ള സമ്മതപത്രം മരിച്ചയാളുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക കൈമാറും.
സമ്മതപത്രം കോടതി അംഗീകരിച്ച് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ വിധിപ്പകർപ്പ് ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും മോചനം. എന്നാൽ തുക കൈമാറിയാലും രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമോപദേഷ്ടാക്കൾ പറയുന്നത്.
ഏപ്രിൽ 16ന് മുമ്പ് മോചനദ്രവ്യം നൽകിയാൽ അബ്ദു റഹീമിനെ വിട്ടയയ്ക്കാമെന്ന് കാണിച്ച് യുവാവിൻ്റെ കുടുംബം നൽകിയ കത്ത് അഭിഭാഷകൻ മുഖേന കോടതിയിൽ നൽകും. ശേഷം കോടതി അബ്ദു റഹീമിനെയും യുവാവിൻ്റെ ബന്ധുക്കളെയും വിളിച്ചു വരുത്തും. മോചന വ്യവസ്ഥ സംബന്ധിച്ച് സംസാരിക്കും. ശേഷം കോടതി മുഖാന്തരം ഇന്ത്യൻ എംബസി തുക യുവാവിൻ്റെ കുടുംബത്തിന് കൈമാറും. പിന്നെ കാലതാമസമില്ലാതെ മോചനവും യഥാർഥ്യമാവും.
മൂന്നാഴ്ച നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് 34 കോടി രൂപ കേരളം ഒറ്റക്കെട്ടായിനിന്ന് സമാഹരിച്ചത്. പ്രതീക്ഷിച്ചതിലും നാല് ദിവസം നേരത്തെ തുക സമാഹരിക്കാൻ കഴിഞ്ഞതോടെ അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയായിരുന്നു.
إرسال تعليق