എതിർപ്പിനെ അവഗണിച്ച് ‘കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തു; ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

(www.kl14onlinenews.com)
(06-APR-2024)

എതിർപ്പിനെ അവഗണിച്ച് ‘കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തു; ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം :സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകളെ അവഗണിച്ച് ദൂരദർശൻ വിവാദ ചലച്ചിത്രമായ കേരള സ്റ്റോറി ഇന്നലെ രാത്രി 8നു സംപ്രേഷണം ചെയ്തു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല.

സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു.

സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം, സിപിഐ തുടങ്ങിയ ഇടതു പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

"അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഏറെ വിവാദമായ ഹിന്ദി ചിത്രം ആർഎസ്എസിന്റെ വർഗീയ പ്രൊപ്പഗാണ്ട ചിത്രമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

അദാ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് 'ദി കേരള സ്റ്റോറി' റിലീസായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.

Post a Comment

Previous Post Next Post