കമോൺ ഡ്രാ സഞ്ജു; റോയൽസ് രാജാവിനെ വീഴ്ത്താൻ വജ്രായുധം മിനുക്കി പഞ്ചാബ്

(www.kl14onlinenews.com)
(13-APR-2024)

കമോൺ ഡ്രാ സഞ്ജു; റോയൽസ് രാജാവിനെ വീഴ്ത്താൻ വജ്രായുധം മിനുക്കി പഞ്ചാബ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ മറ്റൊരു പോരാട്ടത്തിൽ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആറാം അങ്കത്തിന് ഇറങ്ങും. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറ്റുവാങ്ങേണ്ടി വന്ന അപ്രതീക്ഷിത പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും സഞ്ജുവും കൂട്ടരും ഇന്ന് പഞ്ചാബിന്റെ തട്ടകത്തിൽ ഇറങ്ങുക.

ഐപിഎല്ലില്‍ നാല് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ സീസണിലെ ആദ്യ പരാജയമാണ് കഴിഞ്ഞ ദിവസം ടൈറ്റന്‍സിനെതിരെ വഴങ്ങിയത്. മത്സരത്തില്‍ അവസാന പന്ത് വരെ പൊരുതിയാണ് സഞ്ജു സാംസണും സംഘവും തോൽവി സമ്മതിച്ചത്. ഗുജറാത്തിനെതിരെ 19ാം ഓവർ എറിഞ്ഞ കുൽദീപ് സെന്നിന്റെ ഓവറാണ് പാളിയത്. രണ്ടോവർ ബാക്കിയുണ്ടായിട്ടും ട്രെന്റ് ബോൾട്ടിന് പന്ത് നൽകാതിരുന്നത് ടീമിന് തിരിച്ചടിയായി. അവസാന ഓവർ എറിഞ്ഞ ആവേശ് ഖാനും കാര്യങ്ങൾ നിയന്ത്രിക്കാനായില്ല.

ബാറ്റിങ്ങിലേക്ക് വരുമ്പോൾ സീസണില്‍ രാജസ്ഥാന്റെ സഞ്ജു സാംസണും റിയാൻ പരാഗും ഉജ്ജ്വല ഫോമിലാണ്. ഐപിഎല്ലില്‍ നിലവിലുള്ള റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് സഞ്ജു. ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 82 ശരാശരിയിലും 157.69 സ്‌ട്രൈക്ക് റേറ്റിലും സഞ്ജു 246 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഓപ്പണർമാരായ ജോസ് ബട്ട്ലറും യശസ്വി ജെയ്സ്വാളും ഫോമിലേക്ക് ഉയരാൻ കാത്തിരിക്കുകയാണ് കോച്ച് സംഗക്കാര.

2023 സീസണില്‍ സഞ്ജുവിനെ കൂടുതലും പുറത്താക്കിയിട്ടുള്ളത് സ്പിന്നേഴ്‌സാണ്. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ കളിക്കാൻ സഞ്ജു വലയുന്ന കാഴ്ചയാണ് പണ്ട് കണ്ടിരുന്നത്. പഞ്ചാബിന്റെ വലംകൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍ രാഹുല്‍ ചഹാര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലല്ല. സഞ്ജുവിനെതിരെ പഞ്ചാബ് പ്രയോഗിക്കാനുദ്ദേശിക്കുന്ന വജ്രായുധം ഹര്‍പ്രീത് ബ്രാര്‍ ആയിരിക്കും. ഹര്‍പ്രീത് ബ്രാറിന്റെ ആംബോള്‍ സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തിയേക്കും.

Post a Comment

Previous Post Next Post