ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകി: ആരോപണവുമായി ഇമ്രാൻ ഖാൻ

(www.kl14onlinenews.com)
(20-APR-2024)

ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകി: ആരോപണവുമായി ഇമ്രാൻ ഖാൻ
കറാച്ചി :
തൻ്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകിയെന്ന ആരോപണവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിൽ കലർന്ന രാസവസ്തുക്കൾ അവരുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

190 മില്യൺ പൗണ്ടിൻ്റെ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ഈ കേസിലെ വാദം കേൾക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 49 കാരിയായ ബുഷ്‌റ ബീബി അടുത്തിടെ അഴിമതിക്കേസിലും ഇമ്രാൻ ഖാനുമായി (71) അനധികൃത വിവാഹം നടത്തിയ കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള അവരുടെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് .

ഷിഫ ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ ബുഷ്റ ബീബിയുടെ പരിശോധന നടത്താൻ ഷൗക്കത്ത് ഖാനം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസിം യൂസഫ് നിർദ്ദേശിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ, പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിൽ പരിശോധന നടത്തിയാൽ മതിയെന്ന നിലപാടിൽ ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഇമ്രാൻ ഖാൻ്റെയും ബുഷ്‌റ ബീബിയുടെയും വൈദ്യപരിശോധനയ്ക്ക് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്ന് കോടതി പിന്നീട് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. തൻ്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.

മാധ്യമ പ്രവർത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഭാര്യക്കെതിരെ കേസെടുക്കുന്നതിൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിൽ അസിം ജഡ്ജിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇമ്രാൻ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിൻ്റെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് ഇപ്പോൾ ബുഷ്‌റ ബീബി.

Post a Comment

Previous Post Next Post