വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകും; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(03-APR-2024)

വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകും; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ:
ആവേശക്കടലായി വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. കൽപ്പറ്റ കളക്ട്രേറ്റിലെത്തിയ രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും കേരളത്തിലെ മുതിർന്ന യുഡിഎഫ് നേതാക്കളും രാഹുൽ ഗാന്ധിയെ അനുഗമിച്ചു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു

മൂപ്പെനാട് ഹെലിപാടിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റ നഗരത്തിലൂടെ ജനങ്ങളെ ഇളക്കിമറിച്ച റോഡ് ഷോയുമായാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി കളക്ട്രേറ്റിലേക്ക് എത്തിയത്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ള നേതാക്കൾക്കൊപ്പം കളക്ട്രേറ്റിലേക്ക് എത്തിയ രാഹുൽ ജില്ലാ കളക്ടർ രേണുരാജ് മുമ്പാകെ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള ആദ്യ വരവായിരുന്നു രാഹുലിന്റേത്. മൂന്ന് സെറ്റ് പത്രികയാണ് രാഹുൽ സമർപ്പിച്ചിരിക്കുന്നത്

മുതിർന്ന നേതാക്കളായ കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ റോഡ് ഷോയിൽ അണിനിരന്നു. വയനാട്ടിൽ വീണ്ടുമെത്തിയതിൽ സന്തോഷമുണ്ടെന്നും ഇവിടുത്തുകാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും രാഹുൽഗാന്ധി ഉറപ്പുനൽകി. തുടർന്ന് മരവയൽ കോളനി സന്ദർശിച്ച രാഹുൽ ഗാന്ധിയും സംഘവും കോളനിവാസികളോട് നേരിട്ട് വോട്ട് അഭ്യർഥിച്ചു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പ് ആണിതെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. മോദിക്കും അമിത് ഷായ്ക്കും എതിരായ വിധിയെഴുത്താകും വയനാട്ടിൽ ഉണ്ടാവുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Post a Comment

Previous Post Next Post