'മോദിയുടെ നുണ എൽക്കില്ല'; കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരായ ബിജെപി വാദത്തിൽ മല്ലികാർജുൻ ഖാർഗെ

(www.kl14onlinenews.com)
(27-APR-2024)

'മോദിയുടെ നുണ എൽക്കില്ല'; കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരായ ബിജെപി വാദത്തിൽ മല്ലികാർജുൻ ഖാർഗെ

ഗുവാഹത്തി: കോൺഗ്രസിൻ്റെ പ്രകടനപത്രിക മുസ്ലീം ലീഗിൻ്റേത് പോലെയാണെന്ന ബിജെപിയുടെ അവകാശവാദങ്ങൾ തള്ളികളഞ്ഞു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിയുടെ 'നുണകളുടെ ഫാക്ടറി' എക്കാലവും പ്രവർത്തിക്കില്ലെന്നും ഖാർഗെ പറഞ്ഞു. അസമിലെ ബാർപേട്ട ജില്ലയിലെ കായാകുച്ചിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഖാർഗെ ബിജെപിയുടെ വാദങ്ങളെ വിമർശിച്ചത്.

തൊഴിലില്ലായ്മയാണ് രാജ്യത്ത് വലിയ പ്രശ്നമെന്നും രാജ്യത്തെ 65 ശതമാനം അഭ്യസ്തവിദ്യരായ യുവാക്കൾക്കും ജോലിയില്ലെന്നും ഖാർഗെ പറഞ്ഞു. രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നർക്ക് കൈമാറുകയാണ് ബിജെപി ചെയ്യുന്നതെന്നും ഖാർഗെ ആരോപിച്ചു.

രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ രാജ്യത്തുടനീളം നയിച്ചപ്പോൾ, മോദി നയിക്കുന്നത് ‘ഭാരത് ടോഡോ' യാണ് (രാജ്യത്തെ വിഭജിക്കാനുള്ള യാത്ര). കോൺഗ്രസിനെ ഭയന്നാണ് പ്രധാനമന്ത്രി മോദി വില കുറഞ്ഞ ആരോപണങ്ങൾ അഴിച്ചു വിടുന്നതെന്നും എന്നാൽ പത്ത് വർഷം വില പോയ ആരോപണങ്ങൾ ഇനി അങ്ങോട്ട് വില പോവില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

നേരത്തെ കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിം ലീഗിന്റേതാണെന്നും രാജ്യം മുസ്‌ലിംകൾക്ക് പതിച്ചു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു. മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് ബിജെപി നേതാക്കളും സമാന വിമർശനം കോൺഗ്രസിനെതിരെ അഴിച്ച് വിട്ടിരുന്നു

Post a Comment

Previous Post Next Post