(www.kl14onlinenews.com)
(19-APR-2024)
ദുബായ്: യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയില്‍ പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മഴ നേരിടാൻ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം നിർദേശം നൽകി. രാജ്യം ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്റ് നിർദേശം നൽകിയത്. മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധികളാണ് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നതെന്നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ പൗരന്മാരും താമസക്കാരും പ്രകടിപ്പിച്ച സ്നേഹത്തെയും ഐക്യത്തെയും അവബോധത്തെയും കുറിച്ച് പരാമർശിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
إرسال تعليق