(www.kl14onlinenews.com)
(16-APR-2024)
കാഞ്ഞങ്ങാട്: പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് ആന്ധ്ര സ്വദേശിയിൽനിന്ന് ഒമ്പതര ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത കാഞ്ഞങ്ങാട് സ്വദേശികൾ കാഞ്ഞങ്ങാട്ടുനിന്ന് കോടികൾ തട്ടി. ഹോസ്ദുർഗ് പൊലീസ് തിരയുന്ന പ്രതികളാണ് ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്.
ബല്ലാ കടപ്പുറത്തെ രണ്ട് യുവാക്കളിൽ നിന്നുമാത്രം രണ്ടുകോടിയിലേറെ രൂപയാണ് പ്രതികൾ തട്ടിയത്. അറസ്റ്റിലായ കല്ലൂരാവിയിലെ അഹമ്മദ് കബീർ, നൗഷാദ് എന്നിവരുൾപ്പെടുന്ന സംഘമാണ് രണ്ട് യുവാക്കളിൽനിന്ന് രണ്ടു കോടിയോളം രൂപ തട്ടിയത്. ബല്ലാ കടപ്പുറം മൻസൂർ മൻസിലിലെ മുഹമ്മദ് മൻസൂർ (34), ദാറുൽ സുറൂർ ഹൗസിലെ മുഹമ്മദ് നുഹ്മാൻ (24) എന്നിവരിൽനിന്നാണ് പണം തട്ടിയത്.
മുഹമ്മദ് മൻസൂറിൽനിന്ന് ഒരുകോടി 70 ലക്ഷം രൂപയും നുഹ്മാനിൽനിന്ന് 30 ലക്ഷം രൂപയുമാണ് തട്ടിയത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഒറവങ്കര കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഷെയറെടുത്താൽ വൻ തുക ലാഭവിഹിതം തരാമെന്ന് പറഞ്ഞാണ് ഇരുവരിൽനിന്നും പണം തട്ടിയത്.
തവണകളായാണ് പണം നൽകിയത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞും ലാഭവിഹിതം നൽകാതെ കബളിപ്പിക്കപ്പെട്ടതോടെയാണ് രണ്ടുപേരും ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് കേസെടുത്തു. മുഹമ്മദ് മൻസൂറിന്റെ പരാതിയിൽ കബീർ, നൗഫൽ, നൗഷാദ് അബ്ദുറഹ്മാൻ എന്നിവർക്കെതിരെയും മുഹമ്മദ് നുഹ്മാന്റെ പരാതിയിൽ നൗഫൽ, നൗഷാദ്, അബ്ദുറഹ്മാൻ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം ആന്ധ്ര സ്വദേശി കബളിപ്പിക്കപ്പെട്ടതോടെയാണ് കബീർ, നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
എ.സി.പി.ആർ.ജി ഫൈവ് സ്റ്റാർ റേറ്റിങ് നൽകുന്നതിനും അന്താരാഷ്ട്ര കമ്പനികളുടെ പേജുകളിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിനുമുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
പരാതിക്കാരന് ലിങ്ക് അയച്ചുകൊടുത്ത് അത് തുറക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട യുവാവ് ഹൈദരാബാദ് ക്രൈം പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പുകഥകൾ പുറത്തുവന്നത്.
കാഞ്ഞങ്ങാട്ട് കേസെടുത്തതോടെ മുങ്ങിയ പ്രതികൾക്കെതിരെ വാറൻ്റുകൾ നിലനിൽക്കുന്നുണ്ട്. ഹൈദരാബാദ് പൊലീസിന്റെ പിടിയിലായതോടെ ഹോസ്ദുർഗ് പൊലീസും അന്വേഷണം വിപുലീകരിച്ചു.
إرسال تعليق