സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെപ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത്

(www.kl14onlinenews.com)
(14-APR-2024)

സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെപ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത്
മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത രണ്ടംഗ സംഘത്തിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. തൊപ്പി ധരിച്ചെത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്ന്സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. താരത്തിന്റെ വീടിനു നേരെ ഇവർ വെടിയുതിർക്കുന്നതും വിഡിയോയിൽ കാണാം. ഇവരിൽ ഒരാൾ വെള്ള ടീ ഷർട്ടും കറുത്ത ജാക്കറ്റും ധരിച്ചപ്പോൾ മറ്റൊരാൾ ചുവന്ന ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഇരുവരും ഉപയോഗിച്ചതായി സംശയിക്കുന്ന ഇരുചക്രവാഹനം സൽമാൻ ഖാന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ നിന്നും പൊലീസ് കണ്ടെത്തി. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു.

ഐപിസി 307 (കൊലപാതകശ്രമം), ആയുധ നിയമപ്രകാരവും അജ്ഞാതരായ പ്രതികൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് വീടിനു നേരെ വെടിവയ്‌പുണ്ടായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാൻ ഖാനുമായി സംസാരിക്കുകയും പിന്തുണ ഉറപ്പു നൽകുകയും ചെയ്തു. നിയമം കയിലെടുക്കാൻ ആരെയും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്ന ഒരു ഇ-മെയിൽ അദ്ദേഹത്തിന്റെ ഓഫിസിൽ ലഭിച്ചിരുന്നു. തുടർന്ന് മുംബൈ പൊലീസ് ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌നോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയും മറ്റൊരാൾക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും താരത്തെ കൊല്ലാന്‍ മുംബൈയിലേക്ക് ഷൂട്ടര്‍മാരെ അയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

Previous Post Next Post