ഉഷ്ണതരംഗം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യമന്ത്രി

(www.kl14onlinenews.com)
(29-APR-2024)

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കനത്ത ചൂടും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാടടക്കമുള്ള ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത പ്രവചിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ. ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29ന് ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29ന് ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

കനത്ത ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം നൽകിയത്. അഡീഷണൽ ക്ലാസുകൾ പാടില്ല. കോളേജുകളിലും ക്ലാസുകൾ പാടില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം.

ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാനും സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറം വിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post