വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ വയോധികയെ സഹായിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

(www.kl14onlinenews.com)
(25-APR-2024)

വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ വയോധികയെ സഹായിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വിമാനത്തിനുള്ളില്‍ മലമൂത്ര വിസർജനം നടത്തിയ വയോധികയ്ക്ക് അടിയന്തിര സഹായം നല്‍കുകയും വിമാനത്തിനുള്‍ഭാഗം വൃത്തിയാക്കുകയും ചെയ്ത് ജീവനക്കാര്‍. സ്‌പൈസ്‌ജെറ്റിന്റെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് വീരേന്ദ്ര മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ജീവനക്കാര്‍ക്കൊപ്പം ഫ്‌ളൈറ്റിലെ യാത്രക്കാരും വയോധികയെ സഹായിക്കാനായി എത്തിയിരുന്നു.

ഏപ്രില്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് 40 മിനിറ്റിനുള്ളിലാണ് സംഭവം നടന്നത്. 72 വയസ്സുള്ള വയോധികയാണ് വിമാനത്തിനുള്ളില്‍ വിസര്‍ജിച്ചത്. ‘‘വിമാനത്തിലെ ശുചിമുറിയ്ക്ക് അടുത്തുള്ള യാത്രക്കാരുടെ സീറ്റുകള്‍ക്കടുത്താണ് സംഭവം നടന്നത്. വയോധികയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് വയോധികയെ സഹായിക്കാന്‍ കഴിഞ്ഞില്ല,’’ എന്ന് മല്‍ഹോത്ര ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ക്യാബിന്‍ ക്രൂവിലെ മുതിര്‍ന്ന ജീവനക്കാരനായ അക്ഷയ് വയോധികയ്ക്ക് സഹായവുമായി മുന്നോട്ട് വരികയായിരുന്നു. വയോധികയുടെ സീറ്റിനടുത്തുള്ള നിരയിലെ യാത്രക്കാരോട് അധികം വസ്ത്രങ്ങളും ഡയപ്പറുമുണ്ടോ എന്ന് ഇദ്ദേഹം ചോദിച്ചു. ‘‘31 സിയിലേയും 31 എഫിലേയും സ്ത്രീകള്‍ വസ്ത്രങ്ങളും ഡയപ്പറും നല്‍കി. മാത്രമല്ല അക്ഷയ്‌യെ സഹായിക്കാന്‍ ഇവര്‍ മുന്നോട്ട് വരികയും ചെയ്തു. ശേഷം വയോധികയെ മൂവരും ചേര്‍ന്ന് വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് സീറ്റിലേക്ക് ഇരുത്തി,’’ മല്‍ഹോത്ര പറഞ്ഞു.

വിമാനത്തിലെ തറയിലും കാര്‍പെറ്റിലും പറ്റിപ്പിടിച്ച വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ഇതിന്റെ ദുര്‍ഗന്ധം യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കേണ്ടിയുമിരുന്നു. ഉടന്‍ തന്നെ തന്റെ കൈയ്യില്‍ കിട്ടിയ എല്ലാമെടുത്ത് തറയും കാര്‍പെറ്റും വൃത്തിയാക്കാന്‍ അക്ഷയ് മുന്നോട്ട് വന്നു. കൈയ്യുറയും ആന്റി സെപ്റ്റികും സാനിട്ടൈസറും ഉപയോഗിച്ച് കാര്‍പെറ്റ് വൃത്തിയാക്കാന്‍ മറ്റൊരു ജീവനക്കാരിയായ ശ്രീഗയും രംഗത്തെത്തി.

ഇവരെ രണ്ടുപേരെയും പേരെടുത്ത് അഭിനന്ദിക്കുന്ന പോസ്റ്റാണ് വീരേന്ദ്ര മല്‍ഹോത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ ഇവരെ സഹായിക്കാനായി മുന്നോട്ട് വന്ന സഹയാത്രക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ‘‘മല്‍ഹോത്രയുടെ പോസ്റ്റ് രണ്ട് തവണയാണ് ഞാന്‍ വായിച്ചത്. സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു എനിക്ക്. ആ പാവം മുത്തശ്ശിയോട് സ്‌നേഹം മാത്രം. അടിയന്തര സാഹചര്യത്തില്‍ അവരെ സഹായിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നു. അവരെക്കുറിച്ചോര്‍ത്ത് സ്‌പൈസ് ജെറ്റിന് അഭിമാനിക്കാം,’’ എന്ന് ഒരാള്‍ കമന്റ് ചെയ്തു.

മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണിത്. വയോധികയെ സഹായിച്ച ജീവനക്കാരെയും യാത്രക്കാരെയും ദൈവം അനുഗ്രഹിക്കും,’’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ‘‘വളരെ നല്ലൊരു കാര്യമാണ് ആ ജീവനക്കാര്‍ ചെയ്തത്. ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നില്ല. എപ്പോഴും വിമാനത്തിലെ ജീവനക്കാരുടെ കുറ്റം മാത്രം പറയുന്ന പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ അധികവും,’’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

Post a Comment

Previous Post Next Post