കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന

(www.kl14onlinenews.com)
(07-APR-2024)

കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന

പാനൂർ ബോംബ് സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിൻറെ പരിശോധന തുടരുന്നത്.

ശനിയാഴ്ച കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂർ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.

അതേസമയം പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിൻറെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ബോംബ് സ്ഫോടനത്തിൽ നിസാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അറസ്റ്റിലായ നാല് പേരെ ഇന്ന് ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസിൽ അറസ്റ്റിലായ മൂന്ന് സിപിഎം പ്രവർത്തകരുമായി ഇന്ന് സ്ഫോടനം നടന്നയിടത്ത് പൊലീസ് തെളിവെടുപ്പ് നടത്തും. സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിൻറവിട ഷെറിൻ (31) ആണ് മരിച്ചത്. വിനീഷിന് ഗുരതരമായി പരുക്കേൽക്കുകയും ചെയ്തു.

ബോംബ് നിർമാണത്തിന് പിന്നിലുള്ളവരെക്കുറിച്ചു കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.

Post a Comment

Previous Post Next Post