റിയാസ് മൗലവി വധക്കേസ്: അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി

(www.kl14onlinenews.com)
(02-APR-2024)

റിയാസ് മൗലവി വധക്കേസ്: അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിലാണ് അപ്പീൽ നൽകുന്നത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്. അഡ്വക്കറ്റ് ജനറലുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം തന്നെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകും.

അതിനിടെ വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്ന് കേസിലെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് പ്രതികളുടെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാനായില്ല. ഡിഎന്‍എ എടുത്തില്ല എന്നു കോടതി പറഞ്ഞത് അദ്ഭുതപ്പെടുത്തിയെന്നും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. ഏറെ വിവാദമുയര്‍ത്തിയ കേസില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന രൂക്ഷ വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു. കൊലപാതകം സംബന്ധിച്ച് പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു കോടതി വിലയിരുത്തി. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഇത് തെളിയിക്കാനായില്ല.
ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വാദവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. കൊലപാതകം, മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം അശുദ്ധമാക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെ ചൂരിയി മുഹ്യുദ്ദീന്‍ പള്ളിയോടു ചേര്‍ന്ന മുറിയില്‍ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ 3 പേരെയാണു പൊലീസ് പിടികൂടിയത്. കഴിഞ്ഞ 7 വര്‍ഷമായി ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സംഭവ സമയത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നു കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് 3 ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ല്‍ വിചാരണ ആരംഭിച്ചു. 2022ല്‍ പൂര്‍ത്തിയായി. ഇതിനകം 8 ജഡ്ജിമാരുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് എത്തി. വിചാരണയില്‍ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടി മുതലുകളും കോടതി അടയാളപ്പെടുത്തി. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ വിധി പറയുന്നത് പലതവണ മാറ്റിവച്ചിരുന്നു

Post a Comment

Previous Post Next Post