(www.kl14onlinenews.com)
(28-APR-2024)
പ്രചാരണത്തിന് പോലും തടസ്സമുണ്ടാക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആം ആദ്മി
ഡൽഹി: ബിജെപിയുടെ പരാതിയെത്തുടർന്ന് പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പോലും നിരോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പ്രചാരണ ഗാനമായ 'ജയിൽ കാ ജവാബ് വോട്ട് സേ' നിരോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതായാണ് എഎപിയുടെ പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറുകയാണെന്നും എഎപി നേതാവ് അതിഷി വാർത്താസമ്മേളനത്തിൽ ആരോപിച്ചു
ഇപ്പോൾ ബിജെപി അവരുടെ മറ്റൊരു ആയുധമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ഞങ്ങൾക്കെതിരെ പ്രയോഗിച്ചു. ആദ്യം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തു, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ നിന്ന് അദ്ദേഹത്തെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഇപ്പോൾ ഞങ്ങളുടെ പ്രചാരണ ഗാനവും നിർത്താൻ ഗൂഢാലോചന നടത്തുകയാണ്. ഇത് ഞെട്ടിപ്പിക്കുന്നതാണ്...' അതിഷി പറഞ്ഞു.
“ഈ ഗാനം ഭരിക്കുന്ന സർക്കാരിനെതിരായ വിമർശനമാണെന്ന് അതിൽ പറയുന്നു. ഗാനത്തിൽ ബിജെപിയെ കുറിച്ച് ഒരിടത്തും പരാമർശമില്ല. ഇത് തനഷാഹിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്... അതിനാൽ ബിജെപി സർക്കാർ ഏകാധിപത്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും സമ്മതിക്കുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പകർത്തിയതാണ് പാട്ടിലെ ദൃശ്യങ്ങൾ. പ്രതിപക്ഷത്തെ പ്രചാരണത്തിൽ നിന്ന് തടയാൻ പോലും ബിജെപി ഇപ്പോൾ ശ്രമിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കമ്മീഷൻ അയച്ചതെന്ന് അവകാശപ്പെട്ട ഒരു പേപ്പർ കാണിച്ച് അതിഷി പറഞ്ഞു.
എഎപി നേതാവ് ദിലീപ് പാണ്ഡെ എഴുതി ആലപിച്ച റാപ്പ് ഗാനം മുതിർന്ന നേതാക്കളായ സഞ്ജയ് സിംഗ്, ഗോപാൽ റായ് എന്നിവരും മറ്റുള്ളവരും ചേർന്ന് വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ മെയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ്.
Post a Comment