(www.kl14onlinenews.com)
(29-APR-2024)
ഇ.പിയുമായി മൂന്ന് തവണ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ; ശോഭയ്‌ക്കെതിരെ കേസ് കൊടുക്കുമെന്ന് ഇ.പി ജയരാജൻ
കണ്ണൂർ: ഇ.പി. ജയരാജനുമായി മൂന്ന് തവണ ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം വാർത്തയ്ക്ക് അടിസ്ഥാനമുണ്ടോയെന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്ന് ഇ.പി ജയരാജൻ തിരിച്ചടിച്ചു.
"പ്രകാശ് ജാവദേക്കർ പ്രഭാരി ആകുന്നതിന് മുമ്പാണ് ഞാൻ ഇ.പിയെ ആദ്യമായി കാണുന്നത്. ഇ.പിക്ക് സിപിഎം സംസ്ഥാന ഘടകത്തേക്കാൾ ബന്ധം ദല്ലാൾ നന്ദകുമാറുമായാണ്. രാമനിലയത്തിൽ ഇ.പിയെ കണ്ട ദിവസം മന്ത്രി രാധാകൃഷ്ണൻ അവിടെ ഉണ്ടായിരുന്നു. ഇ.പി ജയരാജന്റെ ശരീരഭാഷയിൽ തന്നെ അദ്ദേഹം പറയുന്നത് നുണയാണെന്ന് മനസിലാകും. അന്നത്തെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഇ.പി ആകെ നിരാശനായിരുന്നുവെന്ന് തോന്നി," ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ആരോപണങ്ങളെല്ലാം ഇ.പി ജയരാജൻ നിഷേധിച്ചു. "പത്ര ധർമ്മമാണോ നിങ്ങൾ ചെയ്തത്? ഇത്തരമൊരു മാധ്യമ പ്രവർത്തന രീതി ശരിയല്ല. ഞാൻ ഇന്നു വരെ സംസാരിക്കാത്തതും കണ്ടിട്ടില്ലാത്തതുമായ സ്ത്രീയാണ് ശോഭാ സുരേന്ദ്രൻ. ദല്ലാൾ നന്ദകുമാർ എന്തു പറഞ്ഞാലും അത് കൊടുക്കാൻ പാടുണ്ടോ? അയാൾ നരേന്ദ്ര മോദിക്കെതിരെ പറഞ്ഞാൽ നിങ്ങൾ വാർത്ത കൊടുക്കുമോ," ഇ.പി ജയരാജൻ ചോദിച്ചു.
കൊടുക്കുന്ന വാർത്തയ്ക്ക് അടിസ്ഥാനമുണ്ടോയെന്ന് മാധ്യമങ്ങൾ പരിശോധിക്കണം. എനിക്കെതിരെ വ്യക്തിഹത്യ നടത്താൻ ആസൂത്രിതമായി ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങൾ പരസ്യത്തിന്റെ പണം വാങ്ങി സിപിഎമ്മിനെതിരെ വാർത്തകൾ സൃഷ്ടിക്കുകയാണ്," ഇ.പി ജയരാജൻ പറഞ്ഞു.
Post a Comment