റിയാസ് മൗലവി വധം: ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം -സോളിഡാരിറ്റി

(www.kl14onlinenews.com)
(19-APR-2024)

റിയാസ് മൗലവി വധം: ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം -സോളിഡാരിറ്റി
കാസർകോട്: റിയാസ് മൗലവി വധക്കേസ് സംബന്ധിച്ച കോഡിനേഷൻ കമ്മിറ്റിയുടെ ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ്. കോഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ച ‘പള്ളിക്കകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കോടതി വിധിയും നീതിയും’ ജനകീയ കൺവെൻഷനാണ് പൊലീസ് വിലക്കിയത്.

റിയാസ് മൗലവിക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്തെന്ന് വീമ്പിളക്കുന്ന സർക്കാർ റിയാസ് മൗലവിക്ക് നീതി ചോദിക്കുന്നത് ഭയക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. ഇത്തരം പരിപാടികൾ സംഘ്പരിവാറിന് അലോസരം സൃഷ്ടിക്കുമെങ്കിൽ ഇടതു സർക്കാറിനും അസ്വസ്ഥതകളുണ്ടാക്കുന്നുവെന്നത് ദുഃഖകരമാണ്. നീതി നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതുപോലും തടയപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ജില്ല പ്രസിഡന്റ് അദ്നാൻ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീർ കല്ലിങ്കാൽ, ഡോ. മിസ്ഹബ്, മുഹമ്മദ് സാബിർ എന്നിവർ സംസാരിച്ചു.

അതേസമയം
ചൂരിയിൽ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ പള്ളിയില്‍ക്കയറി കൊലപ്പെടുത്തിയ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ട സംഭവത്തില്‍ നടത്താനിരുന്ന ജനകീയ കണ്‍വന്‍ഷന് പൊലീസ് അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കോഡിനേഷന്‍ കമ്മിറ്റി നടത്താനിരുന്ന കണ്‍വന്‍ഷനാണ് പൊലീസ് അനുമതി നിഷേധിച്ചത്.

‘റിയാസ് മൗലവിയുടെ കോടതിവിധിയും നീതിയും’ എന്ന വിഷയത്തിലായിരുന്നു കണ്‍വന്‍ഷന്‍ തീരുമാനിച്ചത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഓഡിനേഷന്‍ കമ്മിറ്റിക്ക് കാസര്‍കോട് നഗരസഭ സെക്രട്ടറി കത്ത് നല്‍കി. നേരത്തേ, പരിപാടിക്കു വേണ്ടി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വാടക നല്‍കി ബുക്ക് ചെയ്തിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതിനാല്‍ ഒടുക്കിയ തുക റീഫണ്ട് ചെയ്യുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളുമായ പി.എ. പൗരന്‍, അഡ്വ. അമീന്‍ ഹസന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, അഡ്വ. മുഹമ്മദ് റഫീഖ്, സിദ്ദീഖ് നദ് വി ചേരൂര്‍(സമസ്ത), കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി (എസ്.വൈ.എസ്), സി.ടി. സുഹൈബ്(സോളിഡാരിറ്റി), അബൂബക്കര്‍ സിദ്ദീഖ് മാക്കോട് (കെ.എന്‍.എം മര്‍കസുദ്ദഅ്‌വ), അനീസ് മദനി കൊമ്പനടുക്കം (വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍), ഹാരിസ് മസ്താന്‍ (കേരള നദ്വത്തുല്‍ മുജാഹിദീന്‍), സഹദ് മൗലവി (ഖത്തീബ്, അന്‍സാര്‍ മസ്ജിദ്), ഷാഫി ഉസ്താദ് വിദ്യാനഗര്‍, അബ്ദുര്‍റസാഖ് അബ്‌റാറി (ഖത്തീബ്, മുബാറക്ക് മസ്ജിദ് കമ്മിറ്റി) തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിയിച്ചിരുന്നത്.

Post a Comment

Previous Post Next Post