ഇ.പിയെ കൈവിട്ട് മുഖ്യമന്ത്രിയും; കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

(www.kl14onlinenews.com)
(27-APR-2024)

ഇ.പിയെ കൈവിട്ട് മുഖ്യമന്ത്രിയും; കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

ഇ.പി.ജയരാജന്‍റെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം തുലാസില്‍. തിരഞ്ഞെടുപ്പ് അവലോകനത്തിനായി മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിവാദം ചര്‍ച്ച ചെയ്യും. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് ഇ.പിയുടെ ശ്രമം.

പ്രകാശ് ജാവഡേക്കറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച, അതിലെ വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറിന്‍റെ സാന്നിധ്യം, പോളിങ് ദിവസത്തെ അജണ്ട നിശ്ചയിച്ചപോലെ ബി.ജെ.പി നേതാവുമായി ചര്‍ച്ച നടത്തിയെന്നു പറയാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് എന്നിങ്ങനെ ഇ.പി.ജയരാജനോട് കടുത്ത അതൃപ്തിയിലാണ് സി.പി.എം നേതൃത്വം. പതിവുരീതിവിട്ട് കൂടെയുള്ള സഖാവിനോടുള്ള രോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമാക്കിയത് എം.വി.ഗോവിന്ദന്‍ പറഞ്ഞതുപോലെ താക്കീതാണ്. ബാക്കി സംഘടനാ രീതിയനുസരിച്ച് വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ്. മറ്റന്നാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ ആകാംക്ഷ കടുക്കുകയാണ്.. ഇ.പി. തെറിക്കുമോ?

കുറേനാളായി കേരളത്തിലെ സി.പി.എമ്മില്‍ മുഖ്യമന്ത്രി തന്നെയാണ് അവസാനവാക്ക്. അതിനാല്‍ തന്നെ ഇ.പിക്കായി വാദിക്കാന്‍ ആരുമുണ്ടാവില്ല. കണ്‍വീനര്‍ക്കെതിരെ ഇടതുമുന്നണിയിലും കടുത്ത അതൃപ്തിയാണ്. സമൂഹമാധ്യമങ്ങളില്‍ പതിവില്ലാതെ സി.പി.എം അണികളും നിലപാട് പറയുന്നു. എന്നാല്‍ തനിക്കെതിരെ ആസൂത്രിത നീക്കം നടന്നെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ഇ.പി. പിന്നില്‍ കോണ്‍ഗ്രസ് – ബി.ജെ.പി തിരക്കഥയെന്നാണ് വാദം. ഇന്നലെ മുഖ്യമന്ത്രിയുമായി ഇ.പി. സംസാരിച്ചിട്ടുണ്ട്. വിവാദം കൂടുതല്‍ വഷളാവില്ലെന്നും തനിക്ക് ഇളക്കം തട്ടില്ലെന്നുമുള്ള പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്

Post a Comment

Previous Post Next Post