‘രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ല’; സിദ്ധരാമയ്യ

(www.kl14onlinenews.com)
(04-APR-2024)

‘രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ല’; സിദ്ധരാമയ്യ
ബെംഗളൂരു: രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്സഭാ സ്ഥാനാര്‍ത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനം നടത്തിയത്.

ബി.ജെ.പി-ആര്‍.എസ്.എസ് എന്നിവയില്‍ പോയി ആരും വീഴരുത്. ശൂദ്രര്‍-ദലിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് സങ്കേതത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോള്‍ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്. രാഷ്ട്രീയക്കാര്‍ക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
ബിജെപിയും ആര്‍എസ്എസും സാമൂഹിക നീതിക്ക് എതിരാണെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് അവര്‍ക്ക് സംവരണം ഇഷ്ടമല്ല. സംവരണം ഭിക്ഷയല്ല. അത് അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെ അവകാശമാണ്. സമൂഹത്തില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം സംവരണം നിലനില്‍ക്കണം.

സ്വാതന്ത്ര്യത്തിനും ബ്രിട്ടീഷുകാര്‍ക്കും മുമ്പ് ശൂദ്രരായ നമുക്ക് പഠിക്കാന്‍ അവകാശമുണ്ടായിരുന്നോ. സ്ത്രീകള്‍ക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ. ഭര്‍ത്താവ് മരിച്ചയുടന്‍ ഒരു സ്ത്രീക്ക് സ്വയം ജീവനോടെ തീയില്‍ ചാടിമരിക്കേണ്ടി വരുമായിരുന്നു. മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ നടന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നമ്മുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇത് ശരിയായി ജനങ്ങള്‍ മനസ്സിലാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ 28 മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 26നും മെയ് 7നും രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്സഭാ സീറ്റുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 4 ന് നടക്കും

കര്‍ണാടകയിലെ തലപ്പൊക്കമുള്ള നേതാക്കളാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും.

Post a Comment

Previous Post Next Post