(www.kl14onlinenews.com)
(30-APR-2024)
അച്ചടക്ക നടപടി നേരിട്ട ഹരിത നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം; ഫാത്തിമ തഹ്ലിയ സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: എം എസ് എഫ് വിദ്യാർത്ഥിനി വിഭാഗമായിരുന്ന 'ഹരിത'യുടെ മുൻ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്ലിയ ആണ് പുതിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി. ഇതാദ്യമായാണ് യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് വനിതയെ നിയമിക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ഹരിത വിവാദകാലത്ത് നടപടി നേരിട്ട എം എസ് എഫ് നേതാക്കൾക്കും ഭാരവാഹിത്വം നൽകിയിട്ടുണ്ട്. അന്ന് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരിനെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിരിച്ചെടുത്തിരുന്നു.
2021 ജൂൺ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡന്റായിരുന്ന പികെ നവാസ് ഹരിത സംഘത്തെ അഭിസംബോധന ചെയ്‌ത സംഭവമായിരുന്നു ഹരിത-എംഎസ്എഫ് തർക്കത്തിലേക്ക് വഴിവെച്ചത്. സംഘടന സംബന്ധിച്ച വിഷയത്തിൽ അഭിപ്രായം പറയവെ 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം' ഉണ്ടാകുമെന്ന് നവാസ് വിമർശിച്ചതിനെതിരെ ഹരിത അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. തുടർന്ന് നവാസിനെതിരെ ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകി. പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പികെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ചു നിൽക്കുകയായിരുന്നു.ഇതോടെ, ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്‌തു. ഇവർക്കൊപ്പം നിന്ന എംഎസ്എഫ് നേതാക്കൾക്കെതിരേയും നടപടി സ്വീകരിച്ചു.
Post a Comment