(www.kl14onlinenews.com)
(19-APR-2024)
അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു, ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല-
കോഴിക്കോട്: രാജ്യം സ്വീകരിക്കുന്ന നടപടികള്‍ പരിഷ്‌കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ബിജെപി സര്‍ക്കാറിന്റെ ഭേദഗതി മതാടിസ്ഥാനത്തിലെ പൗരത്വമാണ്. ഇതില്‍ മുസ്ലീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കി. ഇത് ലോകം അംഗീകരിക്കുന്നില്ല. അതിനാല്‍ അമേരിക്കയടക്കം നമ്മുടെ രാജ്യത്തെ അപലപിച്ചു. അമേരിക്കയോടൊപ്പം ഇന്ത്യയെ ചേര്‍ത്ത് നിര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ പോലും സിഎഎയെ അപലപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ 10 വര്‍ഷമായി അധികാരത്തിലുണ്ട്. ഒരുപാട് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് ജനങ്ങളെ വ്യാമോഹിപ്പിച്ചാണ് മോദി ഗവണ്‍മെന്റ് അധികാരത്തിലേറിയത്. എന്നാല്‍ എല്ലാം മറന്ന് ജനദ്രോഹ നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമാണ് ആദ്യം കോണ്‍ഗ്രസും പിന്നെ ബിജെപിയും സ്വീകരിച്ചത്. ഇത് രണ്ടല്ല ഒന്നാണ്. രണ്ട് കൂട്ടരും പാവപ്പെട്ടവരെ പാപ്പരാക്കുകയും സമ്പന്നരെ സമ്പന്നരാക്കുകയും ചെയ്തു. അവര്‍ക്ക് വേണ്ടിയുള്ള ഭരണമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാഷ്ട്രങ്ങള്‍ എടുത്താല്‍ ഏറ്റവും ദരിദ്രരുള്ള രാജ്യമായി മാറി. പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതാണ് ബിജെപിയുടെ പൊതുനയം. ആര്‍എസ്എസ് മറയില്ലാതെ രാജ്യത്ത് അവരുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യയുടെ മൂല്യങ്ങള്‍ തകര്‍ക്കുന്നു. മോദി ഗവണ്‍മെന്റ് ഇതാണ് ചെയ്യുന്നത്. രണ്ടാമത് അധികാരത്തില്‍ വന്നപ്പോള്‍ ആര്‍എസ്എസ് അനുകൂല പ്രത്യക്ഷ നിലപാട് സ്വീകരിച്ചു. പൗരത്വ ഭേദഗതി രാജ്യം ആകെ എതിര്‍ത്തതാണ്. കടുത്ത പ്രതിഷേധം ഉയര്‍ന്ന് വന്നു. അതില്‍ പങ്കെടുത്ത ഒരുപാട് ദേശീയ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ അതില്‍ കോണ്‍ഗ്രസിന്റെ ആരേയും കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാണാതിരിക്കാന്‍ കാരണം അതില്‍ കോണ്‍ഗ്രസ് ഇല്ലായിരുന്നു.
പ്രക്ഷോഭകരെ സംഘപരിവാര്‍ ആക്രമിച്ചു. അവിടേയും ആരും കോണ്‍ഗ്രസിനെ കണ്ടില്ല. കേരളത്തിലും പ്രതിഷേധം ഉയര്‍ന്നു. പാളയത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. സര്‍വ്വ കക്ഷികളും പങ്കെടുത്തു. ഇതെല്ലാം പ്രതിപക്ഷവും കൂടി ചേര്‍ന്ന് നടത്തി. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് എല്ലാം തള്ളിപ്പറഞ്ഞു. ഇനി യോജിച്ച പ്രക്ഷോഭത്തിന് ഇല്ല എന്ന്. രാഹുല്‍ കേരളത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നു എന്ന് പറയുന്നു. ഇവിടെ സിഎഎയില്‍ ബിജെപിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടാണോ സിഎഎ വിഷയത്തില്‍ കൂട്ടായ പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയതെന്ന് ചോദിച്ച മുഖ്യമന്ത്രി അത് ഇവിടുത്തെ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎഎ വിഷയത്തില്‍ എന്ത് നിലപാട് എടുത്തെന്നും അതിനല്ലേ രാഹുല്‍ മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചട്ടഭേദഗതി വന്നു. അതിലും കോണ്‍ഗ്രസിന് മറുപടിയില്ല. രാഹുലിനെ വിമര്‍ശിച്ചത് ഇവിടെയാണ്. രാഹുല്‍ യാത്ര നടത്തി. പൗരത്വ ഭേദഗതിയെ കുറിച്ച് കമാ എന്ന് ഒരക്ഷരമില്ല. എന്തിനാണ് അറയ്ക്കുന്നത്. നിങ്ങള്‍ സംഘപരിവാര്‍ മനസിനോട് ഒട്ടി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതിയെ കുറിച്ച് ഒരക്ഷരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മനസ് നഷ്ടമായോ എന്നും മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു. നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലേറിയപ്പോള്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കി. കശ്മീര്‍ പ്രത്യേക പദവി ഇങ്ങനെയാണ് നടപ്പാക്കിയത്. ഇതിലും കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നോ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പ്രതികരിച്ചില്ല. കോണ്‍ഗ്രസിന്റെ തലപ്പത്ത് സംഘപരിവാര്‍ മനസ്സുള്ളവരാണെന്നും അതിനാലാണ് ഇവര്‍ക്ക് പ്രതികരിക്കാനാവാത്തതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളത്തിലെ യുഡിഎഫിന്റെ 18 അംഗ സംഘം പാര്‍ലമെന്റില്‍ എന്ത് ചെയ്തു സിഎഎ ഉള്‍പ്പെടെ വിഷയങ്ങളില്‍ നിശബ്ദമായി നിലകൊള്ളുകയായിരുന്നില്ലേ. രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുന്ന സംഘ പരിവാര്‍ ഇടപെടലിനെതിരെ ഇവരാരും ഒന്നും ചെയ്തില്ല. എന്‍ഐഎ, യുഎപിഎ കരിനിയമങ്ങളെ കോണ്‍ഗ്രസ് എതിര്‍ത്തില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. മോദി ഇവിടെ വന്നു ഒരു പാട് വാഗ്ദാനം നല്‍കി. നിങ്ങളുടെ സഹായം ഞങ്ങള്‍ കണ്ടതല്ലേ പ്രളയകാലത്ത് സഹായിച്ചോ സഹായം തരാമെന്ന് പറഞ്ഞവരെ മുടക്കിയില്ല കേരളത്തിന് അവകാശപ്പെട്ടത് തടഞ്ഞു. എത്ര തവണ മോദി നിങ്ങളുടെ അടുത്ത് വന്നു. കേരളത്തിന് അര്‍ഹതപ്പെട്ടത് തന്നോ.
കെ.റെയില്‍ അനുമതി തരാഞ്ഞത് രാഷ്ട്രീയ കാരണം മാത്രമാണ്. ഇപ്പോള്‍ അതിവേഗ റെയില്‍ വാഗ്ദാനം പറയുന്നു. ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നമ്മുടെ യുഡിഎഫ് എംപിമാര്‍ എന്ത് ചെയ്തു നാടിനെ പ്രയാസപ്പെടുത്തുന്ന സാമ്പത്തിക ഞെരുക്കം സര്‍ക്കാറിനുമേല്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചു. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് കോടിയില്‍ പരം രൂപ കേന്ദ്രം തടഞ്ഞുവെച്ചു. ഇപ്പോള്‍ മോദി പറയുന്നു.
സുപ്രീം കോടതിയില്‍ കേരളത്തിന് തിരിച്ചടിയെന്ന്. കേന്ദ്രം മുട്ടാപ്പോക്ക് നയം തന്നെയാണ്. പണം അനുവദിക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേരള യുഡിഎഫ് എം പി മാര്‍ സംഘപരിവാറിനോട് ചാരി നില്‍ക്കുന്നവരാണ്. ബി.ജെ.പിക്ക് കേരളത്തോട് വിരുദ്ധ സമീപനമുണ്ട്. യുഡിഎഫ് എം.പിമാര്‍ക്ക് എന്തിനാണ് വിരോധമെന്നും മുഖ്യമന്ത്രി ചോദിച്ചു. കോഴിക്കോട് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
Post a Comment