(www.kl14onlinenews.com)
(18-APR-2024)
കോഴിക്കോട് :
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ പറഞ്ഞു.
അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്.എന്നാൽ സിനിമയാക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തൽ. ഇതേ അഭിപ്രായമാണ് കുടുംബത്തിനും. സിനിമയല്ല റഹീമിൻ്റെ ജീവനനാണ് വലുതെന്ന് റഹീമിൻ്റെ അമ്മാവൻ അബ്ബാസും പ്രതികരിച്ചു.
അതേസമയം ദയാധനമായ 34 കോടി സ്വരൂപിച്ചെങ്കിലും ജയില്‍ മോചനത്തിന് ഇനിയും കടമ്പകള്‍ ഏറെയാണ്. റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ തെറ്റായ പ്രചാരണങ്ങൾ ഈ നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ സഹായ സമിതി അറിയിച്ചു.
അതേസമയം
അബ്ദുൽ റഹീം തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് നേരത്തെ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. ഡ്രൈവര്‍ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദു റഹീം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലിലാണ്. ഇത്രയും ദീര്‍ഘകാലത്തെ ജയില്‍ ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന അബ്ദു റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്റോയ്സിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അബ്ദുൽ റഹീമിന്റെ ജീവന്‍ രക്ഷിക്കാനായി ഇത്രയും വലിയൊരു തുകസമാഹരിച്ച് നല്‍കാനുള്ള ഉദ്യമത്തില്‍ പങ്കാളിയായതില്‍ അഭിമാനമുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു.
റഹീമിന്റെ കൈതട്ടി ജീവന്‍രക്ഷാ ഉപകരണം നിലച്ച് സ്പോണ്‍സറുടെ മകന്‍ അനസ് അബദ്ധത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധേയനായി പതിനെട്ട് വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുകയാണ് റഹീം. റഹീമിന്റെ ശിക്ഷ ഒഴിവാക്കാന്‍ അനസിന്റെ കുടുംബം 34 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഈ തുക സംഭരിക്കുവാന്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൈ എടുത്തിരുന്നു. മോചനത്തിനായുള്ള ഹര്‍ജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാല്‍ അത് സുപ്രീംകോടതി ശരി വെക്കണം. ഇതിനുശേഷമായിരിക്കും ജയില്‍മോചനത്തിനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുക.
إرسال تعليق