പഠനം മാത്രമല്ല, ശാരീരിക വളർച്ചയും പ്രധാനം; കളിക്കളമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണമെന്ന് സർക്കാരിനോട് ഹൈക്കോടതി

(www.kl14onlinenews.com)
(13-APR-2024)

പഠനം മാത്രമല്ല, ശാരീരിക വളർച്ചയും പ്രധാനം; കളിക്കളമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണമെന്ന് സർക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിങ്കിൾ ബെഞ്ച് നിർദേശം നൽകി. കൊല്ലം തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ.പി സ്കൂളിൽ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യം ചെയ്തു പി.ടി.എ പ്രസിഡന്‍റ് നൽകിയ ഹർജിയിൽ ആണ് നിർദേശം.

സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ.പി സ്കൂളിലെ വാട്ടർ ടാങ്ക് നിർമാണം പിന്നീട് ഉപേക്ഷിച്ചതിനാൽ ഹരജി തീർപ്പാക്കി.

സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിതമായതാണെന്നും അതിനാല്‍ തന്നെ കെട്ടിടനിര്‍മാണങ്ങള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ മതിയായ കളിസ്ഥലങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന ചട്ടങ്ങളില്‍ ഇത്തരമൊരു കാര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റും ഇത് മുതലെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ കളിസ്ഥലം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

കളിസ്ഥലങ്ങള്‍ കുട്ടികളുടെ പഠനാന്തരീക്ഷത്തില്‍ അഭിവാജ്യഘടകമാണ്. അത് കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം കുട്ടികളുട ശാരീരികവും മാനസികവുമായി കഴിവുകള്‍ വികസിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വിദ്യാഭ്യാസം ക്ലാസ് മുറിക്കകത്തായി പരിമിതപ്പെടുത്താതെ സ്‌പോര്‍ട്‌സുകളും ഗെയിമുകളും പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post