സഹതാരം അവിശ്വസനീയമായൊരു സെഞ്ചുറി നേടുന്നത് കണ്ട് ഞെട്ടി സാക്ഷാൽ വിരാട് കോഹ്ലി

(www.kl14onlinenews.com)
(29-APR-2024)

സഹതാരം അവിശ്വസനീയമായൊരു സെഞ്ചുറി നേടുന്നത് കണ്ട് ഞെട്ടി സാക്ഷാൽ വിരാട് കോഹ്ലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇംഗ്ലണ്ടുകാരനായ സഹതാരം അവിശ്വസനീയമായൊരു സെഞ്ചുറി നേടുന്നത് കണ്ട് ഞെട്ടി സാക്ഷാൽ വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് താരം വിൽ ജാക്സാണ് 41 പന്തിൽ നിന്ന് സെഞ്ചുറി തികച്ചത്. തീർത്തും അപ്രതീക്ഷിതമായാണ് ജാക്സ് സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്.

ആദ്യ 16 പന്തിൽ 16 റൺസ് മാത്രമാണ് ജാക്സ് നേടിയത്. 27ാമത്തെ പന്ത് കളിക്കുമ്പോൾ 37 റൺസാണ് അദ്ദേഹം നേടിയത്. ഒടുവിൽ അവസാന ഓവറുകളിലെ പൊട്ടിത്തെറിക്ക് പിന്നാലെ 41 പന്തെത്തുമ്പോൾ സ്കോർ പുറത്താവാതെ 100 റൺസ് എത്തിയിരുന്നു. ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ ജാക്സ് 94 റൺസ് നേടിയിരുന്നു. അവസാന പന്ത് സിക്സ് അടിച്ചാണ് താരം സെ‍ഞ്ചുറി പൂർത്തിയാക്കിയത്.

അവസാന ആറ് ഓവറിൽ ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 53 റൺസായിരുന്നു. മോഹിത് ശർമ്മയുടെ ഓവറിൽ 29 റൺസ് അടിച്ചെടുത്തു. റാഷിദ് ഖാനെ പരീക്ഷിച്ചെങ്കിലും നാല് സിക്സും ഒരു ബൗണ്ടറിയും സഹിതം 29 റൺസ് ഈ ഓവറിൽ പിറന്നു. 25 വയസ്സുകാരനായ യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരമാണ് വില്യം ജോർജ്ജ് ജാക്സ്.

വലംകൈയ്യൻ ബാറ്ററും ഓഫ് സ്പിൻ ബൗളറുമായ അദ്ദേഹം 2022 ഡിസംബറിൽ പാക്കിസ്ഥാനെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ട് ടീമിലെ ഭാവി വാഗ്ദാനമായ ഓൾറൌണ്ടറാണ് അദ്ദേഹം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടി10 ക്രിക്കറ്റിൽ 25 പന്തിൽ സെഞ്ചുറി നേടിയിരുന്നു. മാക്സ് വെല്ലിന് പകരമായി ജാക്സിനെ ഉൾപ്പെടുത്താൻ ആരാധകർ ചൂണ്ടിക്കാട്ടിയത് ഈയൊരു കാരണമായിരുന്നു. എന്നാൽ തീപ്പൊരിയെയാണ് റോയൽ ചലഞ്ചേഴ്സ് കൈയ്യിൽ വെച്ചിരുന്നതെന്ന് ആരും അറിഞ്ഞില്ല.

തകർപ്പൻ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി. പിന്നാലെ ബെംഗളൂരു ഡ്രസ്സിങ് റൂമിലെ സംഭാഷണങ്ങളും വൈറലായി. റാഷിദിന്റെ ഓവറിൽ ആദ്യ പന്ത് താൻ സിക്സ് അടിച്ചിരുന്നെങ്കിൽ എന്ന് കോഹ്‌ലി പറഞ്ഞു. ജാക്സ് 94ൽ നിൽക്കുമ്പോൾ താൻ അത് ഓർത്തു. അത് സിക്സ് അടിക്കാൻ തനിക്ക് കഴിഞ്ഞില്ല. അതിന് താൻ ദൈവത്തോട് നന്ദി പറയുന്നതായും കോഹ്‌ലി പറഞ്ഞു.

മത്സരത്തിൽ 44 പന്തിൽ 70 റൺസുമായി കോഹ്‌ലിയും മികവ് കാട്ടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ പിരിയാത്ത 166 റൺസ് കൂട്ടിച്ചേർത്തു. സീസണിൽ റോയൽ ചലഞ്ചേഴ്സിന്റെ മൂന്നാം ജയമാണിത്

Post a Comment

Previous Post Next Post