ഫിൽ സാൾട്ടിന് അർധസെഞ്ച്വറി; ഈഡനിൽ ഡൽഹിക്കെതിരെ കൊൽക്കത്തക്ക് അനായാസ ജയം

(www.kl14onlinenews.com)
(29-APR-2024)

ഫിൽ സാൾട്ടിന് അർധസെഞ്ച്വറി; ഈഡനിൽ ഡൽഹിക്കെതിരെ കൊൽക്കത്തക്ക് അനായാസ ജയം
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഡല്‍ഹി, നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 പന്തില്‍ 68 റണ്‍സ് നേടിയ ഫിലിപ് സാള്‍ട്ടാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.

ഗംഭീര തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - സുനില്‍ നരെയ്ന്‍ (10 പന്തില്‍ 15) സഖ്യം 79 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നരെയ്‌നെ അക്‌സര്‍ മടക്കി. പിന്നീടെത്തിയ റിങ്കു സിംഗിന് (11) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതിനിടെ സാള്‍ട്ടും മടങ്ങി. 33 പന്ത് നേരിട്ട താരം അഞ്ച് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. മൂവരും മടങ്ങിയെങ്കിലും ശ്രേയസ് അയ്യര്‍ (33) - വെങ്കടേഷ് അയ്യര്‍ (26) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു.

നേരത്തെ, കുല്‍ദീപ് യാദവ് (26 പന്തില്‍ 35) മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. റിഷഭ് പന്ത് (20 പന്തില്‍ 27) അടുത്ത ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (13), ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (12), അഭിഷേക് പോറല്‍ (18), ഷായ് ഹോപ് (6), അക്‌സര്‍ പട്ടേല്‍ (15), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (4), കുമാര്‍ കുശാഗ്ര (1) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. റാസിഖ് സലാമാണ് (8) പുറത്തായ മറ്റൊരു താരം. ലിസാര്‍ഡ് വില്യംസ് (1) കുല്‍ദീപിനൊപ്പം പുറത്താവാതെ നിന്നു.

Post a Comment

Previous Post Next Post