ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല; കേരളവിരുദ്ധ ശക്തികൾക്കെതിരായ ജനവികാരം അലയടിക്കും: മുഖ്യമന്ത്രി 2024

(www.kl14onlinenews.com)
(26-APR-2024)

ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല; കേരളവിരുദ്ധ ശക്തികൾക്കെതിരായ ജനവികാരം അലയടിക്കും: മുഖ്യമന്ത്രി

കണ്ണൂർ: ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ കേരളവിരുദ്ധ ശക്തികൾക്കെതിരായ ശക്തമായ ജനവികാരം സംസ്ഥാനമെങ്ങും അലയടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിലെ അമല യൂപി സ്കൂളിലെ 161ാം നമ്പര്‍ ബൂത്തിൽ സകുടുംബം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ 5 വർഷത്തെ കാര്യമെടുത്താൽ കേരളത്തിനെതിരായ നിലപാടെടുത്ത രണ്ട് കൂട്ടരുണ്ട്. കേന്ദ്ര ഗവൺമെന്റ് കേരളത്തെ ഏതെല്ലാം തരത്തിൽ തകർക്കാനാകുമെന്നാണ് കഴിഞ്ഞ 5 വർഷം ശ്രമിച്ചത്. അതേസമയം കേരളത്തിൽ നിന്ന് വിജയിച്ചുപോയ യുഡിഎഫ് നേതാക്കൾ കേരളവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. ഇത് കടുത്ത മനോവേദനയോടെയാണ് ജനം തിരിച്ചറിഞ്ഞത്," മുഖ്യമന്ത്രി പറഞ്ഞു.

"കേരളവിരുദ്ധ ശക്തികൾക്കെതിരായ പ്രതിഷേധമാണ് ഇന്ന് കാണാനാകുക. അതിനെതിരെ ശക്തമായ ജനവികാരമാണ് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെങ്ങും ശക്തമായ രീതിയിൽ അലയടിക്കാൻ പോകുന്നത്. ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല. ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനം പോലും അവർക്ക് ലഭിക്കില്ല എന്നാണ് കാണാൻ സാധിക്കുക. കേരളത്തിന് എതിരെ നിലപാട് സ്വീകരിച്ചവരാണ് കേന്ദ്രവും കോണ്‍ഗ്രസും," മുഖ്യമന്ത്രി പറഞ്ഞു.


ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post