മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല'; റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലം മാറ്റത്തെ പരിഹസിച്ച് കെ.ടി ജലീല്‍

(www.kl14onlinenews.com)
(08-APR-2024)

'മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല'; റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലം മാറ്റത്തെ പരിഹസിച്ച് കെ.ടി ജലീല്‍
കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീല്‍. ഭീരുക്കളാണ് ഒളിച്ചോടുകയെന്നും ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാനാണെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ലെന്നും അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് കുറിപ്പ്.

റിയാസ് മൗലവി വധക്കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനായി വാദിച്ച അഭിഭാഷകന്‍ അഡ്വ.സി ഷുക്കൂര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ജലീലിന്റെ പ്രതികരണം.

കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ ചർച്ചയായി.

പ്രതിപക്ഷം വിധി സർക്കാരിനെതിരെ ആയുധമാക്കി. പിന്നാലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങൾ ദുർബലമാണ്. പ്രതികളെ ശിക്ഷാനാവശ്യമായ തെളിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്.

Post a Comment

Previous Post Next Post