ഷാരോൺ വധക്കേസ്; അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

(www.kl14onlinenews.com)
(22-APR-2024)

ഷാരോൺ വധക്കേസ്; അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം സുപ്രീം കോടതി തള്ളി
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഹർജിയിലെ. ഹൈക്കോടതി ഹർജി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്.

വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽനിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. നെയ്യൂര്‍ സിഎസ്ഐ കോളജിലെ ശുചിമുറിയില്‍ വച്ചായിരുന്നു ആദ്യം വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലര്‍ത്തി ഷാരോണിന് കുടിക്കാൻ നൽകി. എന്നാൽ കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളയുകയായിരുന്നു.

പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്.

Post a Comment

Previous Post Next Post