(www.kl14onlinenews.com)
(03-APR-2024)
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പത്രിക നല്‍കാനുള്ള സമയപരിധി അവസാനിക്കുന്നത് നാളെയാണ്. സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം പ്രകടനമായെത്തിയായിരുന്നു സ്ഥാനാര്‍ത്ഥികളുടെ പത്രികാസമര്‍പ്പണം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, കോഴിക്കോട് എളമരം കരീം, ഇടുക്കിയില്‍ ജോയിസ് ജോര്‍ജ്, വടകരയില്‍ കെ കെ ശൈലജ, കോട്ടയത്ത് തോമസ് ചാഴികാടന്‍, ആറ്റിങ്ങലില്‍ വി ജോയ്, കാസര്‍കോട് എന്‍ വി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എം വി ജയരാജന്‍, എറണാകുളത്ത് കെ ജെ ഷൈന്‍ മാവേലിക്കരയില്‍ കെ എസ് അരുണ്‍കുമാര്‍, പൊന്നാനിയില്‍ കെ എസ് ഹംസ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തിയായിരുന്നു കെ എസ് ഹംസ പത്രികാസമര്‍പ്പണത്തിനെത്തിയത്.
വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി റോഡ് ഷോയ്ക്ക് പിന്നാലെയാണ് കളക്ടര്‍ക്ക് മുന്നിലെത്തി പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍, പൊന്നാന്നിയില്‍ അബ്ദു സമദ് സമാദാനി, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ വരണാധികാരികള്‍ക്ക് മുന്‍പിലെത്തി പത്രിക നല്‍കി. ആദ്യ ടോക്കണ്‍ ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തിനൊടുവിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പത്രിക നല്‍കിയത്. കളക്ടറുടെ ചേമ്പറിന് മുന്നില്‍ അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥികളായി ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണി, കോഴിക്കോട് എം.ടി.രമേശ്, കണ്ണൂരില്‍ സി.രഘുനാഥ്, കൊല്ലത്ത് ജി.കൃഷ്ണകുമാര്‍ എന്നിവര്‍ പത്രിക നല്‍കി. മുഹൂര്‍ത്തം നോക്കിയാണ് ശോഭ സുരേന്ദ്രന്‍ പത്രിക നല്‍കാനെത്തിയത്
إرسال تعليق