മുസ്‍ലിംകളെ അധിക്ഷേപിച്ച് വോട്ടു നേടുന്നതാണ് മോദിയുടെ ഗാരന്‍റി; വിദ്വേഷ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ഉവൈസി

(www.kl14onlinenews.com)
(22-APR-2024)

മുസ്‍ലിംകളെ അധിക്ഷേപിച്ച് വോട്ടു നേടുന്നതാണ് മോദിയുടെ ഗാരന്‍റി; വിദ്വേഷ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ഉവൈസി
ന്യൂഡൽഹി: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ഭൂരിപക്ഷ വോട്ടുകൾ ഉറപ്പാക്കാൻ മുസ്‍ലിംകളെ ലക്ഷ്യമിട്ട് വൃത്തികെട്ട രാഷ്ട്രീയമാണ് മോദി കളിക്കുന്നതെന്ന് ഉവൈസി കുറ്റപ്പെടുത്തി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചിരുന്നു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

സി.പി.എം, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും പരാതി നൽകുമെന്ന് അറിയിച്ചു. മോദിയുടെ വിദ്വേഷ പ്രസംഗത്തെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘മോദി മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നുമാണ് വിളിച്ചത്. 2002 മുതൽ ഇന്നുവരെ, മുസ്‍ലിംകളെ അധിക്ഷേപിച്ച് വോട്ട് നേടുക എന്നത് മാത്രമാണ് മോദിയുടെ ഉറപ്പ്. മോദിയുടെ ഭരണത്തിനു കീഴിൽ ഇന്ത്യയുടെ സമ്പത്തിന്‍റെ ആദ്യ അവകാശം അദ്ദേഹത്തിന്‍റെ സമ്പന്നരായ സുഹൃത്തുക്കൾക്കാണെന്ന് അറിയണം. രാജ്യത്തെ സമ്പത്തിന്‍റെ 40 ശതമാനവും ഒരു ശതമാനം ഇന്ത്യക്കാരുടെ കൈകളിലാണ്. സാധാരണ ഹിന്ദുക്കളെ മുസ്‍ലിംകളെ ഭയപ്പെടുന്നവരാക്കി, അതേസമയം അവരുടെ സമ്പത്ത് മറ്റുള്ളവരെ സമ്പന്നരാക്കാൻ ഉപയോഗിക്കുന്നു’ -ഉവൈസി എക്സിൽ കുറിച്ചു.

ഭരണഘടനയെ കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണെന്ന് മോദി പറഞ്ഞു. ''രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി ചോദിച്ചു.

അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി. ആദിവാസികൾക്കും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിലാകും ചില സമയത്ത് ഭീതി പരത്താറുള്ളത്. ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെ കുറിച്ചും സംവരണത്തെ കുറിച്ചും കള്ളം പ്രചരിപ്പിക്കുന്നു. അവരുടെ കള്ളങ്ങൾ വിലപ്പോകില്ലെന്ന് അവർക്കു നന്നായി അറിയാം. തങ്ങളുടെ അവകാശങ്ങളെ കുറിച്ചൊക്കെ ആദിവാസികൾക്കു നല്ല ബോധ്യമുണ്ട്. ഒരുകാലത്ത് 400 സീറ്റ് വരെയുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 300 സീറ്റിൽ പോലും മത്സരിക്കാനാകുന്നില്ലെന്നും ഇൻഡ്യ മുന്നണി അവസരവാദികളുടെ കൂട്ടുകെട്ടാണെന്നും മോദി ആക്ഷേപിച്ചു.

Post a Comment

Previous Post Next Post