(www.kl14onlinenews.com)
(19-APR-2024)
കണ്ണൂർ കല്യാശ്ശേരിയിലെ കള്ളവോട്ട് പരാതിയിൽ 6 പേർക്കെതിരെ കേസ്. 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ്ങ് ഉദ്യോഗസ്ഥരെ അടക്കം പ്രതി ചേർത്ത് കണ്ണപുരം പൊലീസ് കേസെടുത്തത്. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം റീ പോളിങ് സാധ്യമല്ലെന്നും വോട്ട് അസാധുവാക്കുമെന്നും കാസര്‍കോട് കലക്ടര്‍ പറഞ്ഞു.
കല്യാശ്ശേരി പഞ്ചായത്തിലെ 164-ാം ബൂത്തിലെ വോട്ടറാണ് 92 വയസുള്ള ദേവി. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്നലെ പോളിങ്ങ് ഉദ്യോഗസ്ഥർ ദേവിയുടെ വീട്ടിലെത്തിയത്. രഹസ്യ സ്വഭാവത്തോടെ നടക്കേണ്ട വോട്ടിങ്ങിലാണ് അട്ടിമറി നടന്നത്. വോട്ട് ചെയ്യാൻ നിൽക്കുന്ന ദേവിയുടെ അടുത്തേക്ക് എത്തിയ കല്യാശേരി മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷൻ വോട്ട് രേഖപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിനു പിന്നാലെ പോളിങ്ങ് ഉദ്യോഗസ്ഥരെ കലക്ടർ സസ്പെൻ്റ് ചെയ്തിരുന്നു.
നിയമ വിരുദ്ധമായി പ്രവർത്തിച്ച ഗണേഷനും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി ജില്ലാ ഭരണകൂടം കണ്ണപുരം പൊലീസിൽ റിപ്പോർട്ട് നൽകിയിരുന്നു ഇതിനു പിന്നാലെയാണ് പോളിങ്ങ് ഓഫീസർ പൗർണമി പോളിംഗ് അസിസ്റ്റന്‍റ് ടി.കെ.പ്രജിൻ, മൈക്രോ ഒബ്സർവർ എ എ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത് സ്പെഷ്യൽ പൊലീസ് ഓഫീസർ ലജീഷ് എന്നിവർക്ക് എതിരെ കണ്ണപുരം പൊലീസ് കേസ് എടുത്തത്. കല്യാശേരി സംഭവം ഉയർത്തി സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കുകയാണ് കോൺഗ്രസ്.
സിപിഎം തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കുന്നതായി ബിജെപിയും ആരോപിച്ചു. അതേസമയം കല്യാശേരിയിൽ നടന്നത് എന്താണെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും തെറ്റിനെ ന്യായീകരിക്കുന്ന പാർട്ടിയല്ല സി പി എമ്മെന്നും കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയും പറഞ്ഞു. കല്യാശേരിയിലെ കള്ളവോട്ട് 1951ലെ ജനപ്രതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലും പറയുന്നുണ്ട്.
Post a Comment